താഷ്‌കന്റ് യാത്ര ചുവപ്പു നാടയില്‍ കുരുക്കി കായിക മന്ത്രാലയം: നേട്ടങ്ങളിലേക്ക് കുരുക്കഴിച്ച് നീന്തി സാജനും സംഘവും
കൊച്ചി: ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള മലയാളി താരം സാജന്‍ പ്രകാശ് അടക്കമുള്ള ദേശീയ നീന്തല്‍താരങ്ങളുടെ യാത്ര കേന്ദ്ര കായിക മന്ത്രാലയം ചുവപ്പു നാടയില്‍ കുരുക്കി വൈകിപ്പിച്ചതായി പരാതി. മൂന്നര മണിക്കൂര്‍ കൊണ്ട് എത്തേണ്ട സ്ഥലത്ത് കായിക മന്ത്രാലയത്തിന്റെ തലതിരിഞ്ഞ നിലപാടിനെ തുടര്‍ന്ന് താരങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വന്നത് 26 മണിക്കൂര്‍. ഉസ്‌ബൈകിസ്ഥാനിലെ താഷ്‌കന്റില്‍ ആരംഭിച്ച ഏഷ്യന്‍ ഏജ് ഗ്രൂപ്പ് നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമിന്റെ യാത്രക്കാണ് യഥാസമയം അനുമതി നല്‍കാതെ അധികൃതര്‍ ദുരിതം സമ്മാനിച്ചത്. ഇന്നലെ മുതല്‍ 16 വരെയാണ് താഷ്‌കന്റില്‍ ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപ് ഡല്‍ഹിയില്‍ ഓഗസ്റ്റ് മധ്യത്തോടെ ആരംഭിച്ചിരുന്നു. ടീം പ്രഖ്യാപനത്തിന് പിന്നാലെ തന്നെ മത്സരത്തില്‍ പങ്കെടുക്കാനുള്ള അനുമതി തേടി കായിക മന്ത്രാലത്തെ ദേശീയ നീന്തല്‍ ഫെഡറേഷന്‍ സമീപിക്കുകയും ചെയ്തിരുന്നു. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ യാത്ര കഴിഞ്ഞ ആറിന് ഡല്‍ഹി ദുബൈ വഴിയായിരുന്നു നിശ്ചയിച്ചത്.
എന്നാല്‍, ടീം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടും അവസാന നിമിഷം വരെ യാത്രാ അനുമതി നല്‍കാതെ വൈകിപ്പിക്കുകയായിരുന്നു. അനുമതിക്കായി നീന്തല്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ കായിക മന്ത്രാലയം കയറിയിറങ്ങിയെങ്കിലും ഉന്നത ഉദ്യോഗസ്ഥ വൃന്ദം അപേക്ഷ ചുവപ്പു നാടയില്‍ കുരുക്കി തട്ടികളിക്കുകയായിരുന്നു.
ഒടുവില്‍ ആറിന് പുലര്‍ച്ചെ വിമാനം പുറപ്പെടാന്‍ ഒരു മണിക്കൂര്‍ മുന്‍പ് യാത്രാ അനുമതി നല്‍കി. ഇതോടെ യാത്ര നിശ്ചയിച്ച വിമാനത്തില്‍ കയറാനായില്ല. പിന്നീട് ദേശീയ നീന്തല്‍ ഫെഡറേഷന്‍ അധികൃതര്‍ നടത്തിയ ശ്രമത്തിന്റെ ഫലമായി രാത്രിയോടെ ഡല്‍ഹിയില്‍ നിന്ന് ഇഞ്ചിയോണിലേക്കും അവിടെ നിന്ന് താജിക്കിസ്ഥാന്‍ വഴിയുമാണ് ഇന്ത്യന്‍ സംഘത്തിന് താഷ്‌കന്റില്‍ എത്താനായത്. ഇന്ത്യയില്‍ നിന്ന് നേരിട്ട് താഷ്‌കന്റില്‍ എത്താന്‍ മൂന്നര മണിക്കൂര്‍ മതി. ദുബൈ വഴിയുള്ള യാത്രാ സമയം ഏഴു മണിക്കൂറില്‍ താഴെയും. എന്നാല്‍, കേന്ദ്ര കായിക മന്ത്രാലയം യാത്രാ അനുമതി വൈകിപ്പിച്ചതിനാല്‍ 26 മണിക്കൂര്‍ വേണ്ടി വന്നു ഇന്ത്യന്‍ സംഘത്തിന് താഷ്‌കന്റില്‍ എത്താന്‍. ബുധനാഴ്ച രാത്രി തുടങ്ങിയ താരങ്ങളുടെ ദുരിത യാത്ര അവസാനിച്ചത് വെള്ളിയാഴ്ച.
ദീര്‍ഘ യാത്ര നല്‍കിയ ദുരിതവുമായി വന്നിറങ്ങിയ താരങ്ങള്‍ക്ക് വിശ്രമത്തിനും പരിശീലനത്തിനും സമയം ലഭിച്ചില്ല. ഉടന്‍ തന്നെ മത്സരത്തിനായി സാജന്‍ അടക്കമുള്ളവര്‍ക്ക് നീന്തല്‍ കുളത്തില്‍ ഇറങ്ങേണ്ടി വന്നു. മെഡല്‍ പ്രതീക്ഷകളായ താരങ്ങള്‍ക്ക് പ്രകടനം മെച്ചപ്പെടുത്താനുമായില്ല. എങ്കിലും പ്രതിസന്ധികളെയെല്ലാം മറികടന്നു ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന സാജന്‍ പ്രകാശ് 800 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ വെള്ളിയും മൂന്ന് വെങ്കല പതക്കങ്ങളും നേടി. 400 മീറ്റര്‍ ഫ്രീ സ്റ്റൈലിലും 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലുമാണ് സാജന്‍ വെങ്കലം നേടിയത്. ഇതിന് പുറമേ 4-200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേയിലും സാജന്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം വെങ്കലം നീന്തിയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."