ബഹ്‌റൈനില്‍ ജയിലിലകപ്പെട്ട മലയാളിക്ക് മോചനം; നാളെ നാട്ടിലെത്തും
മനാമ: ബഹ്‌റൈനില്‍ വാഹനാപകട കേസുമായി ബന്ധപ്പെട്ട് ജയിലിലകപ്പെട്ട മലയാളിക്ക് ഒടുവില്‍ മോചനമായി. ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശി അബ്ദുറഹീമാണ് 11 മാസത്തോളം നീണ്ട ജയില്‍ജീവിതത്തില്‍നിന്നു മോചനം നേടിയത്. റഹീം നാളെ നാട്ടിലെത്തും.
2016 ഒക്ടോബര്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബഹ്‌റൈനിലെ അല്‍ബ റൗണ്ട് എബൗട്ടിനു സമീപം നടന്ന വാഹനാപകടത്തില്‍ ഒരു സ്വദേശി പൗരന്‍ മരിച്ചിരുന്നു. സംഭവത്തില്‍ വാഹന ഉടമയെന്ന നിലയില്‍ പ്രതിചേര്‍ക്കപ്പെട്ട റഹീമിനെ മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷക്കും ലൈസന്‍സ് റദ്ദാക്കലിനുമാണ് ബഹ്‌റൈന്‍ കോടതി ശിക്ഷിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ നിരപരാധിയായ റഹീമിനെ രക്ഷിക്കാനായി ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുവന്നു. എന്നാല്‍ അധികൃതരുടെ മുന്‍പില്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് അധികൃതര്‍ക്ക് ദയാഹരജി സമര്‍പ്പിച്ചു. ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം ഭാരവാഹികൂടിയായ ബഷീര്‍ അംബലായിയാണ് ഇതിനു മുന്നിട്ടിറങ്ങിയത്.
നാട്ടിലുള്ള ഭാര്യ നജിമോളും ബന്ധുക്കളും ബഷീര്‍ അംബലായിയെ ബന്ധപ്പെട്ടാണു മോചനത്തിനുള്ള വഴികള്‍ തേടിയിരുന്നത്. ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി, ബഹ്‌റൈന്‍ മതകാര്യമന്ത്രാലയം, റോയല്‍ കോര്‍ട്ട് തുടങ്ങിയ കേന്ദ്രങ്ങളില്‍ ബഷീര്‍ ദയാഹരജി സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനിലെത്തിയപ്പോള്‍ അദ്ദേഹത്തിനും ഇക്കാര്യത്തില്‍ അപേക്ഷ നല്‍കിയിരുന്നു. ചെറിയ മൂന്നു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം നാട്ടില്‍ ഒറ്റ മുറിയുള്ള വാടകവീട്ടിലാണു കഴിഞ്ഞിരുന്നത്. കുടുംബനാഥനെ മാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബത്തിനുവേണ്ടി അധികൃതരുമായി നിരവധി തവണയാണ് ബഹ്‌റൈന്‍ കെ.എം.സി.സി അടക്കമുള്ള സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും ബന്ധപ്പെട്ടത്. ഇതേതുടര്‍ന്ന് അധികൃതരുടെ മനസലിയുകയായിരുന്നു.ഒടുവില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ മോചിപ്പിച്ച തടവുപുള്ളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് റഹീമിന് മോചനം സാധ്യമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."