അനധികൃത മത്സ്യബന്ധനം: രണ്ടു ബോട്ടുകള്‍ പിടികൂടി
വിഴിഞ്ഞം: ലൈസന്‍സില്ലാതെ മത്സ്യബണ്ഡനം നടത്തിയ രണ്ട് ബോട്ടുകളെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി.നാട്ടുകാര്‍ സംഘടിച്ച് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസ് ഉപരോധിച്ചു.
സംഘര്‍ഷത്തിന്റെ വക്കിലെത്തിയതോടെ സ്ഥിതി നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലിസ് എത്തി. തീരത്തിന് സമീപം നിന്ന് ട്രോളറുകള്‍ മീന്‍ പിടിക്കുന്നതായ പരാതിയെ തുടര്‍ന്ന് പരിശോധനക്കെത്തിയ അധികൃതര്‍ വലിയതുറ ഭാഗത്ത് നിന്ന് മതിയായ രേഖകളില്ലാതെ മീന്‍ പിടിത്തം നടത്തിയ വിഴിഞ്ഞം സ്വദേശി ബെന്‍സിഗറിന്റെ ടാന്‍ഷിയ എന്ന ചൂണ്ടയിടല്‍ ബോട്ടിനെയും വൈപ്പിന്‍ സ്വദേശി ജോണിയുടെ ക്രൈസ്റ്റ് എന്ന ട്രോളറും പിടികൂടി.
രാവിലെ പതിനൊന്നോടെ വിഴിഞ്ഞത്ത് എത്തിച്ച ബോട്ടിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഉച്ചയോടെ നാട്ടുകാര്‍ സംഘടിച്ചെത്തി. ഈ സമയം മറൈന്‍ എസ്.ഐയും രണ്ട് പൊലിസുകാരും മാത്രമാണ് ഓഫിസില്‍ ഉണ്ടായിരുന്നത്. ഓഫിസ് വളഞ്ഞ സംഘം ജീവനക്കാരെ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമം ആരംഭിച്ചതോടെ ഇവര്‍ പൊലിസിനെ വിവരമറിയിച്ചു.
വിഴിഞ്ഞം സി.ഐ, എസ്.ഐ, തീരദേശസ്റ്റേഷന്‍ എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പൊലിസ് ഉപരോധക്കാരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ഫിഷറീസ് ഏ.ഡിയുടെ ആവശ്യപ്രകാരം സമരനേതാക്കളുമായി പോലീസ് നടത്തിയ ചര്‍ച്ചയില്‍ പിടികൂടിയ മീന്‍ വിട്ടു കൊടുക്കാന്‍ തീരുമാനമായി. രേഖകള്‍ ഹാജരാക്കുന്ന മുറക്ക് ബോട്ട് വിട്ടുനല്‍കാമെന്ന ഉറപ്പിന്‍മേല്‍ വൈകുന്നേരം ആറോടെ ഉപരോധം അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."