യൂറോളജി വിദഗ്ധരുടെ അന്താരാഷ്ട്ര ലാപ്രോസ്‌കോപിക് സമ്മേളനത്തിന് തുടക്കം
കൊച്ചി: യൂറോളജി വിദഗ്ധരുടെ രണ്ട് ദിവസം നീളുന്ന അന്താരാഷ്ട്ര 3ഡി ലാപ്രോസ്‌കോപിക് വര്‍ക്ക്‌ഷോപ്പ് '3ഡി ലാപ് എന്‍ഡോഫ്യൂഷന്‍ 2017' കലൂര്‍ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. യൂറോളജി ശസ്ത്രക്രിയാരംഗത്തെ അതിനൂതന സാങ്കേതിക കാല്‍വെപ്പുകളായ ലാപ്രോസ്‌കോപി, 3ഡി ഇമേജിങ്ങ്, റോബോട്ടിക് സര്‍ജറി എന്നീ വിഷയങ്ങളാണ് സമ്മേളനം പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. സമ്മേളനത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി ജസ്റ്റിസ് സുരേന്ദ്ര മോഹന്‍ നിര്‍വ്വഹിച്ചു.
ലാപ്രോസ്‌കോപി, 3ഡി ഇമേജിങ്ങ്, റോബോട്ടിക് ശാസ്ത്ര മേഖലകള്‍ നടത്തിയ അത്ഭുതകരമായ സാങ്കേതിക മുന്നേറ്റങ്ങള്‍ സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ജോര്‍ജ്ജ് പി എബ്രഹാം വിശദീകരിച്ചു.
യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. രവീന്ദ്ര ബി സബ്‌നിസ്, ഡോ. മല്ലികാര്‍ജ്ജുന, കൊച്ചി ഐ.എം.എ പ്രസ്ഡന്റ് ഡോ.എം നാരായണന്‍, കൊച്ചി യൂറോ ക്ലബ് പ്രസിഡന്റ് ഡോ. സഞ്ജീവന്‍, ഡോ. വിജയ് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പിവിഎസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എം.ഡി പി.വി മിനി, വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ സി.ഇ.ഒ എസ്.കെ അബ്ദുള്ള എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
യൂറോളജി ശസ്ത്രക്രിയാരംഗത്ത് 3ഡി ലാപ്രോസ്‌കോപി, റോബോട്ടിക്‌സ് എന്നിവയുടെ പ്രയോഗവും നേട്ടങ്ങളുമാണ് തത്സമയം ശസ്ത്രക്രിയകളുടെ അടിസ്ഥാനത്തില്‍ രണ്ടു ദിവസങ്ങളിലായി ചര്‍ച്ച ചെയ്യപ്പെടുന്നത്.
സമ്മേളനത്തിന്റെ ആദ്യ ദിവസം രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ പി.വി.എസ് ഹോസ്പിറ്റലില്‍ തുടര്‍ച്ചയായി നടന്ന ഇരുപതോളം 3ഡി ലാപ്രോസ്‌കോപിക,് എന്‍ഡോ യൂറോളജിക്കല്‍ ശസ്ത്രക്രിയകള്‍ തത്സമയം സമ്മേളന വേദിയിലേക്ക് സംപ്രേക്ഷണം ചെയ്യ്തു. അത്യന്താധുനിക പ്രേക്ഷണ വിദ്യകള്‍ ഉപയോഗപ്പെടുത്തി 3ഡി ഇമേജിങ്ങ് തന്നെയാണ് സമ്മേളന വേദിയിലും ലഭ്യമാക്കിയത്.
കൂടാതെ മൂത്രാശയക്കല്ല്, പ്രൊസ്‌സ്റ്റേറ്റ് ഗ്രന്ഥി എന്നിവയുടെ ചികിത്സകള്‍ക്കായി ഉപയോഗിക്കുന്ന വിവിധയിനം ലേസര്‍ സാങ്കേതിക വിദ്യകളെ സംബന്ധിച്ച് വര്‍ക്ക്‌ഷോപ്പുകളും നടന്നു. ഡോ.ഡെന്‍ബി സ്റ്റീല്‍, ആസ്‌ത്രേലിയ തുടങ്ങിയ യൂറോളജി രംഗത്തെ അന്താരാഷ്ട്ര വിദഗ്ധര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കി. സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അന്‍പതോളം യൂറോളജി വിദഗ്ധരും അഞ്ഞൂറിലധികം പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."