ഗൗരി ലങ്കേഷ് കൊലപാതകം 'ജനകീയ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരണം'
പറവൂര്‍: ഭരണകൂടത്തെ നിര്‍ഭയം ചോദ്യം ചെയ്യുന്നവര്‍ക്കുള്ള മറുപടി വെടിയുണ്ടകളാകുമ്പോള് വന്‍ ജനകീയ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരണമെന്നു എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എന്‍.എം പിയേഴ്സണ്‍ പറഞ്ഞു.മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്നതില്‍ പ്രതിഷേധിച്ച് നോര്‍ത്ത് പറവൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂടത്തെയും ആള് ദൈവങ്ങളെയും ചോദ്യം ചെയ്തതിനാണ് ഭരണകൂടം സോക്രട്ടീസിനെ വിഷം കൊടുത്ത് കൊന്നത്. ഭരണകൂടത്തിന് അപ്രിയമായ ചോദ്യങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി നിരന്തരം ചോദിക്കുവാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തയാറാകണം. നട്ടെല്ല് നിവര്‍ത്തിനിന്ന് സത്യത്തിനും നീതിക്കുംവേണ്ടി പോരാടി മരിക്കണോ, ഭരണകൂടത്തിന്റെ അടിമകളായി മുട്ടിലിഴഞ്ഞു നാണം കേട്ട് ജീവിക്കണോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ സ്വയം തീരുമാനിക്കണം. പിയേഴ്സണ്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണ ബാങ്ക് ഹാളില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി എസ് രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.
നോവലിസ്റ്റ് പറവൂര്‍ ബാബു, ദല്‍ഹി പത്ര പ്രവര്‍ത്തക ചന്ദ്രിക ബാലകൃഷ്ണന്, എഡ്രാക്ക് സെക്രട്ടറി ടി ബി നസീര്‍, വി ആര് സുഷില്‍ കുമാര്‍, കഥാകൃത്ത് എം കരീം, കവിയും കഥാകൃത്തുമായ കുസുംഷ ലാല്‍, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി വര്‍ഗ്ഗീസ് മാണിയാറ, എം.കെ സുബ്രഹ്മണ്യന്, കെ.കെ അബ്ദുല്ല, അന്‍വര്‍ കൈതാരം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."