ദേശീയപാതയിലെ വലിയ കുഴികള്‍ അപകടങ്ങള്‍ക്കിടയാക്കുന്നു പൈപ്പ് പൊട്ടി റോഡ് തകരുന്നു
ആലുവ : നഗരത്തില്‍ പ്രധാന റോഡുകളിലും ദേശീയപാതയിലെ പാലങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത് അപകടങ്ങള്‍ക്കിടയാക്കുന്നു. കുഴികള്‍ ട്രാഫിക് പൊലിസിനും ദുരിതമായിരിക്കുകയാണ്. ഇതുമൂലമുള്ള ഗതാഗത കുരുക്ക് തലവേദന സൃഷ്ടിക്കുന്നതിനൊപ്പം യാത്രക്കാര്‍ കുഴികളില്‍ ചാടി അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനും പൊലിസ് തന്നെ പണിയെടുക്കേണ്ടി വരികയാണ്.
കാലപഴക്കം ചെന്ന പൈപ്പുകളാണ് നഗരത്തിലെ റോഡുകള്‍ക്ക് പാരയായി മാറിയിരിക്കുന്നത്. പൈപ്പ് പൊട്ടല്‍ മൂലമുള്ള കുഴികളാണ് നഗരത്തില്‍ അധികവും. പാലസ് റോഡ്, മുന്‍സിപ്പല്‍ ഓഫിസ് റോഡ്, കരോത്തുകുഴി പ്രദേശം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൈപ്പ് പൊട്ടി കുഴിയായിട്ടുണ്ട്.
പാലസ് റോഡില്‍ പല ഭാഗങ്ങളിലാണ് ഇത്തരം കുഴികളുള്ളത്. പൈപ്പ് പൊട്ടിയത് നന്നാക്കിയാലും കുഴികള്‍ കൃത്യമായി അടക്കാത്തതാണ് പ്രശ്‌നമാകുന്നത്. ഒന്നുകില്‍ മണ്ണിട്ട് മൂടുകയോ, അല്ലെങ്കില്‍ കുറച്ച് മണ്ണിട്ട ശേഷം ടൈല്‍ നിരത്തി വക്കുകയോ ആണ് ചെയ്യുന്നത്. ഇത് ഉടനടി കുഴിയായി മാറുകയാണ് .
ഇരുചക്ര വാഹനങ്ങളാണ് ഇത്തരം ചതികുഴികളില്‍ കൂടുതലായും വന്ന് ചാടുന്നത്. ഇത്തരം അപകടങ്ങള്‍ നിത്യ സംഭവമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം നിരവധി അപകടങ്ങളുണ്ടായി.
ചൊവ്വാഴ്ചയുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കുപറ്റിയിരുന്നു. ഒരാള്‍ക്ക് തലക്കും മറ്റൊരാള്‍ക്ക് കാല്‍മുട്ടിനുമാണ് കാര്യമായ പരിക്കേറ്റത്. ഇവരെയടക്കം ട്രാഫിക് പൊലിസാണ് ആശുപത്രികളില്‍ എത്തിച്ചത്.
ബുധനാഴ്ച ജയന്തി ഘോഷയാത്രകൂടിയുണ്ടായതിനാല്‍ തിരക്ക് കൂടുതലായിരുന്നു. ഇത് കണക്കിലെടുത്ത് ആശ്രമ പരിസരത്തെ വലിയ കുഴിയില്‍ വാഹനങ്ങള്‍ ചാടാതിരിക്കാന്‍, ഗതാഗത കുരുക്കുണ്ടാകുമ്പോള്‍ ട്രാഫിക് പൊലിസിനെ സഹായിക്കാറുള്ള പൊതുപ്രവര്‍ത്തകനായ നാസര്‍ പുളിക്കായത്ത് നിലയുറപ്പിച്ചിരുന്നു. വാഹനങ്ങള്‍ കുഴിയില്‍ ചാടാതിരിക്കാന്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതിനാല്‍ അപകടങ്ങള്‍ ഒഴിവായി. കുഴികള്‍ നികത്തണമെന്ന് പലകോണുകളില്‍ നിന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ അതൊന്നും ഗൗനിക്കുന്നില്ല. ട്രാഫിക് പൊലിസ് തന്നെ പല തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടികളും അധികൃതര്‍ എടുക്കുന്നില്ല. ദേശീയപാതയിലെ പാലങ്ങളിലും അപകടകുഴികളുണ്ട്. ഇവ രൂപപ്പെട്ടിട്ട് കാലങ്ങളായി. എന്നാല്‍, കുഴികള്‍ അടക്കാന്‍ ദേശീയ പാത അധികൃതര്‍ തയ്യാറാകുന്നില്ല. ചൊവ്വാഴ്ച മാര്‍ത്താണ്ഡ വര്‍മ്മ പാലത്തിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."