അടിയന്തിരാവസ്ഥയേക്കാള്‍ ഭീകരമായി ഇന്ത്യയിലെ സാഹചര്യം: ഫ്രാന്‍സിസ് ടി. മാവേലിക്കര
അമ്പലപ്പുഴ: അടിയന്തിരാവസ്ഥയേക്കാള്‍ ഭീകരമായ കാലഘട്ടമായി ഇന്ത്യ മാറിയെന്ന് സംഗീത നാടക അക്കാദമിയംഗം ഫ്രാന്‍സിസ് ടി മാവേലിക്കര പറഞ്ഞു.മൂന്ന് ദിവസമായി അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള സ്മാരക സ്‌കൂളില്‍ നടന്ന മിഴാവ് 2017 സാംസ്‌ക്കാരികോല്‍സവത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസത്തിനെതിരെ പ്രതികരിച്ചാല്‍ നാളെ എഴുതാന്‍ ആയുസില്ലാത്ത സ്ഥിതിയിലാണ് നാം ജീവിക്കുന്നത്. ഫാസിസം നമ്മുടെ നിഴലിനു പിന്നില്‍ ആയുധവുമായി ഒളിഞ്ഞിരിക്കുകയാണ്.ഇതിനെതിരെ സാംസ്‌ക്കാരിക പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ ഇനി മുതല്‍ കവിതയും നാടകവുമൊന്നും ഉണ്ടാകില്ല. ഭരണകൂടത്തിനെതിരെ പ്രതികരിച്ചാല്‍ ജീവനെടുക്കുന്ന കാലമാണിത്.
പ്രധാനമന്ത്രി 10 ലക്ഷം രൂപയുടെ കോട്ടു ധരിച്ചാല്‍ രാജ്യം തിളങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍ എച്ച് .സലാം അദ്ധ്യക്ഷത വഹിച്ചു.മന്ത്രി ജി.സുധാകരന്‍ സമ്മാനദാനം നിര്‍വഹിച്ചു. കുമാരനാശാന്‍ സ്മാരക സമിതി ചെയര്‍മാന്‍ രാജീവ് ആലുങ്കല്‍ ,തകഴി സ്മാരക സമിതി വൈസ് ചെയര്‍മാന്‍ പ്രൊ: എല്‍.ഗോപിനാഥപിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസി: പ്രിജിത്ത്കരിക്കല്‍, വൈസ് പ്രസി: രജിത, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസി: ജി വേണു ലാല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു ബൈജു, വി.എസ്.മായാദേവി, നഗരസഭ കൗണ്‍സിലര്‍ സൗമ്യ രാജ്, അഡ്വ.ആര്‍ ശ്രീകുമാര്‍ ,കെ വി വിപിന്‍ദാസ്, അലിയാര്‍ എം മാക്കിയില്‍, പി.ജി.സയറസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."