വീട് നിലംപൊത്തി; അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു
വഴിത്തല: കനത്ത മഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ നിന്നും അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടു. വഴിത്തല വരികപ്പാറ പാറയില്‍ ഹരി ദാമോദരന്റെ വീടാണ് മഴയെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 12ന് തകര്‍ന്ന് വീണത്. ഹരിയുടെ ഭാര്യ നീതുവും ഒന്നരവയസുള്ള മകള്‍ നിവേദിതയും മാത്രമാണ് ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്.
കുഞ്ഞ് കട്ടിലില്‍ ഇരുന്ന് കളിക്കുകയായിരുന്നു. പെട്ടെന്നാണ് മേല്‍ക്കൂര തകര്‍ന്ന് കട്ടിലിന് എതിര്‍ദിശയില്‍ വന്നുപതിച്ചത്. തുടര്‍ന്ന് നീതു കുഞ്ഞുമായി പുറത്തേയ്ക്ക് ഓടി. നിമിഷങ്ങള്‍ക്കകം വീട് പൂര്‍ണമായും നിലംപൊത്തി. ഓടുമേഞ്ഞ വീട് ബലക്ഷയം മൂലമാണ് തകര്‍ന്നുവീണത്. ഓട് മേഞ്ഞ വീട് പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ പുറപ്പുഴ പഞ്ചായത്തില്‍ ഹരി അപേക്ഷ സമര്പ്പിച്ചിരുന്നുവത്രെ. എന്നാല്‍, നിലവിലുള്ള വീട് വാസയോഗ്യമാണെന്ന് കാട്ടി പഞ്ചായത്ത് അപേക്ഷ തള്ളുകയായിരുന്നുവെന്ന് പറയുന്നു. അണ്ടര്‍ 21 ഫുട്ബോളില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള കളിക്കാരനാണ് ഹരി. അഞ്ചുവര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റതോടെ ആ മേഖല വിട്ട് ഓട്ടോ ഓടിച്ചാണ് ഇപ്പോള്‍ കുടുംബം കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."