അന്യസംസ്ഥാന പച്ചക്കറികള്‍ വിഷമയമെന്ന് ആക്ഷേപം പരിശോധന പ്രഹസനമാകുന്നു
ഈരാറ്റുപേട്ട: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്ന് കേരളത്തിലേക്കെത്തുന്ന പച്ചക്കറികളിലും തക്കാളിയിലും കറിവേപ്പിലയിലും നിരോധിത കീടനാസിനി പ്രയോഗമുണ്ടെങ്കിലും പരിശോധനകള്‍ പ്രഹസനമാകുന്നു. സംസ്ഥാനത്ത് നിരോധനമുള്ള കീടനാശിനിയായ പ്രസീനോ ഫോസിന്റെ അംശമാണ് ഇത്തരത്തില്‍ തക്കാളിയിലും കറിവേപ്പിലയിലും വ്യാപകമായി കണ്ടെത്തിയത്. കറിവേപ്പിലയിലും തക്കാളിയിലും കീടനാശിനിയുടെ ഉപയോഗം അനുവദനീയമല്ലെന്നിരിക്കെ നിയമം കാറ്റില്‍പ്പറത്തിയാണ് ഇത്തരത്തില്‍ കീടനാശിനി പ്രയോഗം നടത്തുന്നത്.
എറണാകുളം കാക്കനാട്ടെ മേഖലാ കേന്ദ്രത്തില്‍ നടത്തിയ പരിശോധനകളില്‍ തക്കാളിയിലും കറിവേപ്പിലയിലും ഒരുകിലോഗ്രാമില്‍ 0.277 മില്ലിഗ്രാം അളവിലാണ് കീടനാശിനി പ്രയോഗിക്കുന്നതായി കണ്ടെത്തിയത്. പച്ചക്കറികളില്‍ കീടനാശിനി പ്രയോഗങ്ങള്‍ നടത്താമെങ്കിലും ഇതാദ്യമായിട്ടാണ് നിരോധിത കീടനാശിനി പ്രയോഗം കണ്ടെത്തുന്നത്. നിരോധിത കീടനാശിനി പ്രയോഗം സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് തക്കാളിയും കറിവേപ്പിലയും കേരളത്തിലേക്ക് എത്തുന്നുണ്ടെങ്കിലും അടുത്തകാലത്തായി ഇവയില്‍ വ്യാപക നിരോധിത കീടനാശിനി പ്രയോഗമുള്ളത് പൊതുജനങ്ങളെ ആശങ്കാകുലരാക്കുന്നു.
കേരളത്തിലെത്തുന്ന പച്ചക്കറികള്‍ക്ക് നികുതിയില്ലാത്തതിനാല്‍ കൊണ്ടുവരുന്ന വാഹനങ്ങളില്‍ ബില്ല് ഉണ്ടാവില്ലെന്നതും വാഹനങ്ങളിലെ ജീവനക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ മാത്രമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കൈവശമുണ്ടാവുന്നത്.
പച്ചക്കറികളില്‍ അനുവദനീയമല്ലാത്ത കീടനാശിനി പ്രയോഗങ്ങള്‍ നടത്തുന്ന കര്‍ഷകര്‍ക്കെതിരേ കേസെടുക്കാനും ആ ഭാഗത്തുനിന്നുള്ള പച്ചക്കറി വരവിന് വിലക്കേര്‍പ്പെടുത്താനും തയാറാവാത്തതാണ് അതിര്‍ത്തി കടന്ന് നിരോധിത കീടനാശിനി കലര്‍ന്ന പച്ചക്കറി വരവിന്റെ ഒഴുക്കിനു കാരണം. ഇത്തരം പച്ചക്കറികള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരുടെ നാഡീവ്യൂഹത്തെ തന്നെ സാരമായി ബാധിക്കുമെന്നും കാന്‍സറിനും കാരണമായ ഘടകങ്ങളും ഇതിലുള്ളതായി ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു.
സംസ്ഥാനത്ത് റെഡ് ലേബലില്‍ ഉള്‍പ്പെടുത്തിയ പ്രസീനോ ഫോസിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നാണ് കൃഷി വകുപ്പിന്റെ വാദം. എന്നാല്‍ ഇതര സംസ്ഥാനങ്ങളിലെ തേയിത്തോട്ടത്തില്‍ വണ്ടുകളുടെയും പുഴുക്കളുടെയും ആക്രമണത്തിനു തടയിടുന്നതിനായാണ് ഇത്തരത്തില്‍ നിരോധിത കീടനാശിനി ഉപയോഗിക്കുന്നത്.
ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായി മാറുന്ന ഇത്തരം നിരോധിത കീടനാശിനി കലര്‍ന്ന പച്ചക്കറികള്‍ അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് നിര്‍ബാധം ഒഴുകുമ്പോഴും പരിശോധനകള്‍ പലപ്പോഴും പ്രഹസനമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."