റോഹിംഗ്യന്‍ വംശഹത്യക്കെതിരേ എസ്.വൈ.എസ് പ്രതിഷേധം
കോഴിക്കോട്: മ്യാന്‍മര്‍ ഭരണകൂടം നടത്തുന്ന വംശഹത്യയിലും ഇന്ത്യന്‍ സര്‍ക്കാര്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളോട് സ്വീകരിക്കുന്ന നിലപാടിലും പ്രതിഷേധിച്ച് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് പ്രതിഷേധ റാലി നടത്തി. ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ മ്യാന്മറില്‍ നടക്കുന്ന ഭരണകൂട ഭീകരതക്കെതിരേ ശക്തമായ താക്കീതായി ആയിരങ്ങളാണ് റാലിയില്‍ അണിനിരന്നത്. റാലി വൈകീട്ട് റെയില്‍വേസ്‌റ്റേഷന്‍ ലിങ്ക് റോഡില്‍ നിന്നും ആരംഭിച്ച് പ്രകടനത്തോടെ അരയിടത്തുപാലത്താണ് സമാപിച്ചത്.
റാലി സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മ്യാന്മറിലെ വംശഹത്യ പ്രശ്‌നത്തില്‍ മുസ്‌ലിംകള്‍ ഇടപെടുന്നത് വിശ്വാസികള്‍ എന്ന നിലയില്‍ മാത്രമല്ലെന്നും അവിടെ നടക്കുന്ന മനുഷ്യത്വവിരുദ്ധ നടപടിക്കെതിരെയാണെന്നും ജീവനുള്ള ഒന്നിനേയും നോവിക്കരുതെന്നു പറയുന്ന മതമാണ് ഇസ്‌ലാമെന്നും തങ്ങള്‍ പറഞ്ഞു.
ഇന്ത്യയുടെ പാരമ്പര്യത്തിനു വിരുദ്ധമായാണ് റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാടെന്നും അവര്‍ക്കു ജീവിക്കാന്‍ അനകൂലമായ സാഹചര്യം ഇന്ത്യയില്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി.
സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം എന്നിവര്‍ പ്രഭാഷണം നടത്തി. കെ ഉമര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍, മൊയ്തീന്‍ ഫൈസി പുത്തനഴി, അഹമ്മദ് തെര്‍ളായി, ആര്‍.വി കുട്ടിഹസന്‍ ദാരിമി, മലയമ്മ അബൂബക്കര്‍ ബാഖവി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സത്താര്‍ പന്തലൂര്‍, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ സംബന്ധിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."