രഘുറാം രാജന്‍ നേരത്തെ പറയേണ്ടിയിരുന്നത്
നോട്ട് നിരോധനം പരാജയമായിരുന്നുവെന്നും കള്ളപ്പണം പുറത്തു കൊണ്ടുവരുവാന്‍ ഇത് വഴി കഴിഞ്ഞില്ലെന്നും മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. അതില്‍ എന്തര്‍ഥമാണുള്ളത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാര്‍ ഒരിക്കലും മറ്റുള്ളവര്‍ക്ക് വിധേയരാകരുതെന്നും അങ്ങനെ വന്നാല്‍ സഹപ്രവര്‍ത്തകരുടെ ആദരം നഷ്ടപ്പെടുമെന്നും ഗവര്‍ണര്‍ ആയി ചുമതലയേറ്റാല്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കാനാകുമെന്നൊക്കെയാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ വെളിപാട്. 'ഐ ഡു വാട്ട് ഐ ഡു' എന്ന തന്റെ പുസ്തകം പുറത്തിറക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇതൊക്കെ പറഞ്ഞത്.
ഇതെന്ത് കൊണ്ട് തന്റെ ഭരണ കാലയളവില്‍ അദ്ദേഹം പറ ഞ്ഞില്ല എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. അദ്ദേഹം പറയുന്ന നട്ടെല്ല് നിവര്‍ത്തി സര്‍ക്കാരിന്റെ നോട്ട് നിരോധന പൊള്ളത്തരത്തെ തുറന്ന് എതിര്‍ത്ത് ഗവര്‍ണര്‍ കസേരയില്‍നിന്നു ഇറങ്ങിപ്പോന്നിട്ടായിരുന്നു ഇവ്വിധമൊക്കെ പറഞ്ഞിരുന്നതെങ്കില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ഏറെ അംഗീകാരം കിട്ടുമായിരുന്നു. ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ കാണുമ്പോള്‍ ഓര്‍മ വരിക സോവിയറ്റ് യൂനിയനില്‍ സ്റ്റാലിന് പിറകെ അധികാരത്തില്‍ വന്ന ക്രൂഷ്‌ച്ചേവിന്റെ കേന്ദ്ര കമ്മിറ്റി യോഗത്തിലെ പ്രസംഗമാണ്. യോഗത്തില്‍ സ്റ്റാലിന്റെ കൊള്ളരുതായ്മകള്‍ ക്രൂഷ്‌ച്ചേവ് എണ്ണിയെണ്ണി പറഞ്ഞപ്പോള്‍ സദസില്‍ നിന്നൊരു നേതാവ് ചോദിച്ചു, എന്ത് കൊണ്ട് ഈ കാര്യം താങ്കള്‍ സ്റ്റാലിന്‍ ജീവിച്ചിരുന്നപ്പോള്‍ ഉന്നയിച്ചില്ല.
ഉടനെ ക്രൂഷ്‌ച്ചേവ് ചോദിച്ചു ആരാണത് പറഞ്ഞത്. ആരും മറുപടി പറഞ്ഞില്ല. അപ്പോള്‍ ക്രൂഷ്‌ച്ചേവ് പറഞ്ഞു ഇത് തന്നെയായിരുന്നു കാരണം. സ്റ്റാലിന്‍ കൊന്നുകളയുമെന്ന ഭീതി അന്നത്തെ മുതിര്‍ന്ന നേതാക്കളെപ്പോലും ഗ്രസിച്ചിരുന്നുവെങ്കില്‍ നരേന്ദ്രമോദി ഭരണത്തില്‍ രഘുറാം രാജനെപ്പോലുള്ളവര്‍ ഒദ്യോഗിക ജീവിതത്തില്‍ കൊള്ളരുതായ്മ കള്‍ക്ക് നേരെ കണ്ണടക്കുന്നതില്‍ എന്തത്ഭുതം. എങ്കില്‍പ്പോലും തന്റെ ഉള്ളിലെ നെരിപ്പോട് അദേഹത്തിന് പുറത്തെടുക്കാമായിരുന്നു. എന്നിട്ട് തന്റെ കസേരയില്‍നിന്നു അദ്ദേഹത്തിന് ഇറങ്ങിപ്പോരാമായിരുന്നു. ഫാസിസ്റ്റ് ഭരണത്തിന് കിട്ടുന്ന കനത്ത പ്രഹരമാകുമായിരുന്നു അത്.
നിശബ്ദനായിരുന്നിട്ട് പോലും മോദി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കാലാവധി നീട്ടിക്കൊടുത്തില്ല. റിസര്‍വ് ബാങ്കിലെ ആറംഗ പണനയ അവലോകന സമിതിക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. കാരണം പകുതി പേരെയും നിയമിച്ചിരിക്കുന്നത് സര്‍ക്കാര്‍ അനുകൂലികളെയാണ്. നരേന്ദ്രമോദി നോട്ട് നിരോധനത്തെ പുകഴ്ത്തിയപ്പോള്‍ സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാന മന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ കാര്യകാരണ സഹിതം നോട്ട് നിരോധനത്തിന്റെ പൊള്ളത്തരം അക്കമിട്ട് നിരത്തിയത് ലോകം സാകൂതം കേട്ടിരുന്നത് മറക്കാറായിട്ടില്ല. അപ്പോഴെങ്കിലും രഘുറാം രാജന് അഭിപ്രായം വെട്ടിത്തുറന്ന് പറയാമായിരുന്നു. ഇന്ത്യന്‍ ജനാധിപത്യം നേരിട്ട് കൊണ്ടിരിക്കുന്ന ഭീഷണിക്ക് നേരെയുള്ള ധീരമായ ചെറുത്ത് നില്‍പായി പൊതു സമൂഹം രഘുറാം രാജന്റെ നിലപാട് അംഗീകരിക്കുമായിരുന്നു .
ഇന്ത്യയിലെ രണ്ട് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരായ തോമസ് പികേട്ടി, ലൂക്കാസ് ചാന്‍സല്‍ എന്നിവര്‍ തയാറാക്കിയ ഇന്ത്യ ഇന്‍കം ഇന്‍ ഇക്വാലിറ്റി 19222014: ഫ്രം ബ്രിട്ടീഷ് രാജ് ടു ബ്രില്യണര്‍ രാജ് എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയിലെ സാമ്പത്തിക അസമത്വം ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും ദേശീയ വരുമാനത്തിന്റെ 22 ശതമാനവും ഒരു ശതമാനം വരുന്ന കോര്‍പ്പറേറ്റുകളുടെ കൈയിലാണെന്നുമാണ്. നോട്ട് നിരോധനത്തിന് ശേഷം എത്ര കള്ളപ്പണം പിടിച്ചുവെന്നതിന് തങ്ങളുടെ പക്കല്‍ വിവരമൊന്നുമില്ലെന്നാണ് പാര്‍ലമെന്ററി ധനകാര്യ പാനലിന് മുന്‍പില്‍ റിസര്‍വ് ബാങ്ക് കൈമലര്‍ത്തിയിരിക്കുന്നത്. 2016 നവംബര്‍ എട്ടിന് രാത്രി ആയിരത്തി ന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ റദ്ദാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദം, മൂന്നിന്റെയും കഥ കഴിക്കുമെന്നായിരുന്നു.
അല്ലെങ്കില്‍ തന്നെ പച്ചക്ക് അഗ്‌നിക്കിരയാക്കാമെന്നുമായിരുന്നു. ഒട്ടേറെ സാധാരണക്കാരെ കണ്ണീരു കുടിപ്പിക്കുകയും 125 പേരെ കാലപുരിക്കയക്കുകയും ചെയ്തതല്ലാതെ ഒന്നും സംഭവിച്ചില്ല. പട്ടേല്‍മാരുടെയും ആദിവാസി ദലിത് കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു വരുന്നതിന്റേയും കാംപസുകള്‍ പ്രക്ഷുബ്ധമായി വരുന്നതിന്റെയും മുനയൊടിക്കുവാന്‍ നരേന്ദ്രമോദി കണ്ട കുറുക്കുവഴിയായിരുന്നു ഈ കണ്‍കെട്ട് വിദ്യയെന്നു പൊതു സമൂഹത്തിന് വൈകി മാത്രമേ മനസ്സിലാക്കാന്‍ കഴിഞ്ഞുള്ളൂ. അതിന് മുന്‍പെ രഘുറാം രാജന് ഈ സത്യം സമൂഹത്തോട് വിളിച്ച് പറയാമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."