ദിലീപിനെ പിന്തുണയ്ക്കാന്‍ ചലച്ചിത്ര വ്യവസായ മേഖല ഒരുങ്ങുന്നു അമ്മയില്‍ ഭിന്നിപ്പിനു സാധ്യത
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനു പിന്തുണ നല്‍കണമെന്ന അഭിപ്രായം മലയാള ചലച്ചിത്ര വ്യവസായ മേഖലയില്‍ മുന്‍തൂക്കം നേടുന്നു. സിനിമാ നിര്‍മാതാക്കളില്‍ ചിലരുടെ സമ്മര്‍ദമാണ് ഇതിനു പിന്നില്‍. വരുംദിനങ്ങളില്‍ സിനിമാരംഗത്തെ കൂടുതല്‍ പ്രമുഖര്‍ പരസ്യമായി രംഗത്തുവരുമെന്നാണ് സൂചന.
ദിലീപിന്റെ അറസ്റ്റും അതുമായി ബന്ധപ്പെട്ടു പുറത്തുവന്ന വിവരങ്ങളും ചലച്ചിത്ര വ്യവസായ മേഖലയെ മൊത്തത്തില്‍ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ദിലീപിനെതിരേ എടുത്ത നടപടികള്‍ പുനഃപരിശോധിക്കാനുള്ള നീക്കത്തിലാണ് താരസംഘടനയായ അമ്മയുടെ നേതൃത്വം. അറസ്റ്റിനെ തുടര്‍ന്ന് ദിലീപിനെ അമ്മ പുറത്താക്കിയിരുന്നു. എന്നാല്‍, കോടതി ശിക്ഷിക്കും വരെ ദിലീപിനെ കൈവിടേണ്ടെന്ന അഭിപ്രായം ഇപ്പോള്‍ അമ്മ നേതൃത്വത്തില്‍ പ്രബലമാണ്. ദിലീപിനെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കാനുള്ള നീക്കം നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും നടക്കുന്നുണ്ട്.
ദിലീപിനെ കൈവിടരുതെന്ന അഭിപ്രായക്കാരാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ ഭൂരിപക്ഷവും. നിയമനടപടികളിലടക്കം ദിലീപിനെ സഹായിക്കാനുള്ള ഒരുക്കത്തിലാണവര്‍. ദിലീപ് കുറ്റക്കാരനല്ലെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ ജനറല്‍ സെക്രട്ടറി രജപുത്ര രഞ്ജിത് നേരത്തെ തന്നെ ദിലീപിനു പിന്തുണ പ്രഖ്യാപിക്കുകും ഓണക്കാലത്ത് ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഈ നീക്കത്തിന്റെ തുടക്കമെന്ന നിലയിലാണ് ഓണാഘോഷ വേളയില്‍ ജയിലിലേക്ക് ദിലീപിനെ കാണാന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒഴുക്കുണ്ടായത്. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് ദിലീപിനെ പുറത്താക്കിയതെന്നും അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളും ദിലീപിനൊപ്പം ഉണ്ടെന്നും കെ.ബി ഗണേഷ് കുമാര്‍ സന്ദര്‍ശനവേളയില്‍ അറിയിച്ചതായാണ് സൂചന. നടന്‍ ജയറാമും ദിലീപിന ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. മറ്റൊരു മുതിര്‍ന്ന നടന്‍ ശ്രീനിവാസനും ദിലീപിന് അനുകൂലമായ നിലപാട് പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. അമ്മയില്‍ ദിലീപിന് അനുകൂലമായ നിലപാടിനു പ്രാമുഖ്യം ലഭിക്കുന്നതിനു സൂചനയായാണ് ഇതിനെയെല്ലാം ചലച്ചിത്രരംഗവുമായി ബന്ധമുള്ളവര്‍ വിലയിരുത്തുന്നത്.
അതേസമയം, അമ്മയുടെ പുതിയ നീക്കം സംഘടനയില്‍ കടുത്ത ഭിന്നതയ്ക്കു വഴിയൊരുക്കുമെന്ന സൂചനയുമുണ്ട്. പുതുതലമുറ താരങ്ങളില്‍ പലര്‍ക്കും ദിലീപിനെ പിന്തുണയ്ക്കുന്നതില്‍ കടുത്ത എതിര്‍പ്പുണ്ട്. ദിലീപിനെ പുറത്താക്കിയ യോഗത്തില്‍ പൃഥ്വിരാജ്, രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്. ദിലീപിനെതിരേ സംഘടനാ തലത്തില്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം പരസ്യമാക്കുമെന്ന് പൃഥ്വിരാജ് യോഗത്തില്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."