മുത്വലാഖ്: കോടതി വിധി പഠിക്കാന്‍ വ്യക്തിനിയമ ബോര്‍ഡ് സമിതി രൂപീകരിച്ചു
ന്യൂഡല്‍ഹി: മുത്വലാഖ് നിര്‍ത്തലാക്കിയ സുപ്രിം കോടതി വിധി പഠിക്കാന്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വിദഗ്ധ സമിതിയെ നിയോഗിച്ചു. പ്രമുഖ അഭിഭാഷകനും ബോര്‍ഡ് അംഗവുമായ സഫര്‍യാബ് ജീലാനിയുടെ നേതൃത്വത്തിലുള്ളതാണ് സമിതി. സമിതി നല്‍കുന്ന റിപ്പോര്‍ട്ടിനുശേഷമായിരിക്കും സുപ്രിം കോടതി വിധി സംബന്ധിച്ചുള്ള കാര്യത്തില്‍ ബോര്‍ഡ് തീരുമാനമെടുക്കുക. ഭോപ്പാലില്‍ ഇന്നലെ ചേര്‍ന്ന ബോര്‍ഡിന്റെ നിര്‍വാഹകസമിതിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മുത്വലാഖ് നിര്‍ത്തലാക്കികൊണ്ട് ഓഗസ്റ്റ് 22നു സുപ്രിം കോടതി വിധി പുറപ്പെടുവിച്ച ശേഷം ഇതാദ്യമായാണ് ബോര്‍ഡിന്റെ ഉന്നതതലയോഗം ചേര്‍ന്നത്.
മുസ്‌ലിം വ്യക്തിനിയമത്തില്‍ പെട്ടതല്ലാത്തതിനാലാണ് മുത്വലാഖ് നിരോധിക്കുന്നതെന്നായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. വ്യക്തിനിയമങ്ങളെ കോടതിയുടെ പരിശോധനയ്ക്കു വിടുന്നതിനോട് ചീഫ്ജസ്റ്റിസായിരുന്ന ജെ.എസ് ഖെഹാര്‍ വിയോജിച്ചിരുന്നു. ഇക്കാരണത്താല്‍ വിധിയോട് കരുതലോടെയാണ് വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ മുസ്്‌ലിം സംഘടനകള്‍ പ്രതികരിച്ചിരുന്നത്. വ്യക്തിനിയമത്തില്‍പ്പെട്ട ഒരുസമ്പ്രദായം നിര്‍ത്തലാക്കിയ നടപടിയോട് എതിര്‍പ്പുണ്ടെങ്കിലും, വ്യക്തിനിയമത്തെ കോടതിയിലേക്ക് വലിച്ചിഴക്കുന്നതില്‍ വിയോജിപ്പ് അറിയിച്ച ചീഫ്ജസ്റ്റിസിന്റെ നടപടിയില്‍ മുസ്‌ലിം സംഘടനകള്‍ സംതൃപ്തരാണ്. ഇക്കാരണത്താലാണ് കോടതി വിധി വിശദമായി പഠിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. അതിനു ശേഷമാവും വിധിക്കെതിരേ പുനഃപരിശോധനാ ഹരജി നല്‍കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.
അതേസമയം, മുത്വലാഖ് സംബന്ധിച്ച സുപ്രിംകോടതിവിധിയെ കുറിച്ച് മുസ്്‌ലിം സമുദായത്തെ ബോധ്യപ്പെടുത്താനും ബോര്‍ഡ് ശ്രമിക്കും. പൊടുന്നനെയുള്ള മൊഴിചൊല്ലല്‍, സോഷ്യല്‍ മീഡിയമുഖേന വിവാഹബന്ധംവേര്‍പ്പെടുത്തല്‍ തുടങ്ങിയ തെറ്റായപ്രവണതകളില്‍ നിന്നുവിട്ടുനില്‍ക്കാനും ബോര്‍ഡ് ആവശ്യപ്പെട്ടേക്കും. ഇതുസംബന്ധിച്ച നിര്‍ദേശം വ്യക്തിനിയമ ബോര്‍ഡ് ഖാസിമാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നല്‍കുമെന്നാണ് വിവരം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സുപ്രിം കോടതിവിധിയെ വിമര്‍ശിക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്ന് യോഗത്തിനു മുന്‍പ് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ മുഹമ്മദ് വലീ റഹ്മാനി മാധ്യമങ്ങളോടു പറഞ്ഞു. ബാബരി മസ്ജിദ് കേസ് സംബന്ധിച്ച വിധിയും യോഗം ചര്‍ച്ചചെയ്തു. റോഹിംഗ്യന്‍ മുസ്്‌ലിംകളോട് മ്യാന്‍മര്‍ ഭരണകൂടംചെയ്തുവരുന്ന നടപടിയെ യോഗം അപലപിച്ചു. ഇന്ത്യയില്‍ അഭയംതേടിയെത്തിയ റോഹിംഗ്യകളോട് മാനുഷികപരിഗണന കാട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ എസ്.ക്യു.ആര്‍ ഇല്യാസ്, മൗലാനാ സയ്യിദ് അര്‍ശദ് മദനി, അസദുദ്ദീന്‍ ഉവൈസി എം.പി തുടങ്ങിയവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."