മനുഷ്യനെ ജീവനോടെ കുഴിച്ചുമൂടുന്ന ക്രൂരത ലോകത്ത് തുല്യതയില്ലാത്തത്: ജിഫ്‌രി തങ്ങള്‍
കോഴിക്കോട്: മ്യാന്‍മറില്‍ ബുദ്ധ തീവ്രവാദികളും ഭരണകൂടവും നടത്തുന്ന മനുഷ്യനെ ജീവനോടെ കുഴിച്ചുമൂടുന്ന ക്രൂരത ലോകത്ത് തുല്യതയില്ലാത്തതാണെന്നും ഇതിനെതിരേ ലോക മനഃസാക്ഷി ഉണരണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ മ്യാന്‍മര്‍ ഭരണകൂടം നടത്തുന്ന വംശഹത്യയിലും ഇന്ത്യന്‍ സര്‍ക്കാര്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളോട് സ്വീകരിക്കുന്ന നിലപാടിലും പ്രതിഷേധിച്ച് കോഴിക്കോട്ട് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വംശഹത്യാ പ്രശ്‌നത്തില്‍ മുസ്‌ലിംകള്‍ ഇടപെടുന്നത് വിശ്വാസികള്‍ എന്ന നിലയില്‍ മാത്രമല്ല. അവിടെ നടക്കുന്ന മനുഷ്യത്വവിരുദ്ധ നടപടിക്കെതിരേ കൂടിയാണ്. ജീവനുള്ള ഒന്നിനെയും നോവിക്കരുതെന്നുപറയുന്ന മതമാണ് ഇസ്‌ലാം. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ അവിടെ വര്‍ഷങ്ങളായി ജീവിച്ചുവരുന്നവരാണ്.
അഹിംസ അടിസ്ഥാന തത്വമായി സ്വീകരിച്ച ബുദ്ധമത വിശ്വാസികളാണ് ഈ ക്രൂരത ചെയ്യുന്നതെന്നത് ഏറെ അത്ഭുതപ്പെടുത്തുന്നതാണ്.
സ്ത്രീകളുടെ ചേലാകര്‍മം പോലുള്ള വിഷയത്തില്‍ പ്രാകൃതമാണെന്ന പ്രതികരണവുമായി വന്നവര്‍ ഈ വിഷയത്തില്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും തങ്ങള്‍ ചോദിച്ചു.
ഭാരതത്തിന്റെ പാരമ്പര്യത്തിനു വിരുദ്ധമായാണ് റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാടെന്നും അവര്‍ക്കു ജീവിക്കാന്‍ അനകൂലമായ സാഹചര്യം ഇന്ത്യയില്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മ്യാന്‍മറിലെ ബുദ്ധമത വിശ്വാസികള്‍ അഹിംസയുടെ പ്രചാരകനായ ശ്രീബുദ്ധനെ തന്നെയാണ് അവഹേളിക്കുന്നതെന്നും ഇന്ത്യ എക്കാലവും അഭയാര്‍ഥികള്‍ക്ക് വാതില്‍തുറന്ന രാജ്യമാണെന്നും അതിനു വിരുദ്ധമായ നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നും ചടങ്ങില്‍ സംസാരിച്ച പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
മ്യാന്‍മറിലെ വംശഹത്യക്കെതിരേ ശക്തമായി പ്രതികരിക്കണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."