പള്‍സര്‍ സുനിയെ സഹായിച്ച പൊലിസുകാരനെതിരേ വകുപ്പുതല നടപടി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ജയിലില്‍ നിന്ന് ഫോണ്‍ചെയ്യാന്‍ സഹായിച്ച പൊലിസുകാരനെതിരേ വകുപ്പുതല നടപടിക്ക് ശുപാര്‍ശ.
കഴിഞ്ഞദിവസം അറസ്റ്റ്ചെയ്ത് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ച കേസിലെ 14ാം പ്രതി കളമശ്ശേരി പൊലിസ് ക്യാംപിലെ സിവില്‍ പൊലിസ് ഓഫിസര്‍ അനീഷിനെതിരേയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കുകയും ഇതിനായി പ്രതിയെ സഹായിക്കുകയും ചെയ്തുവെന്ന കുറ്റമാണ് അന്വേഷണ സംഘം സി.പി.ഒക്കെതിരേ ഉന്നയിച്ചിരിക്കുന്നത്.
കാക്കനാട് ജയിലില്‍ കഴിയവേ പള്‍സര്‍ സുനിക്ക് നടന് ദീലീപുമായി ബന്ധപ്പെടാന്‍ അനീഷ് അവസമൊരുക്കിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുമായി സംസാരിക്കാനായിരുന്നു പള്‍സര്‍ സുനിക്ക് ഇയാള്‍ മൊബൈല്‍ഫോണ്‍ നല്‍കിയിരുന്നത്. പള്‍സര്‍ സുനിയുടെ ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്ത് ദിലീപിന് അയച്ചുകൊടുക്കാന്‍ അനീഷ് ശ്രമിച്ചുവെന്നും കണ്ടെത്തി. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ കാക്കനാട്ടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ 'ലക്ഷ്യ'യിലേക്ക് മൂന്നുതവണ അനീഷ് ഫോണ്‍ ചെയ്തതായും കണ്ടെത്തിയിരുന്നു.
ഇക്കാര്യങ്ങള്‍ കോടതിയില്‍ ഹാജരാക്കിയ കേസ് ഡയറിയില്‍ പ്രോസിക്യൂഷന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."