ഹയര്‍സെക്കന്‍ഡറി: സെറ്റ് ഫലത്തിനുമുന്‍പ് പി.എസ്.സി വിജ്ഞാപനം
മലപ്പുറം: ഹയര്‍സെക്കന്‍ഡറി അധ്യാപക യോഗ്യതയായ സെറ്റ് ഫലം പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് അധ്യാപക നിയമനത്തിനുള്ള പരീക്ഷക്ക് പി.എസ്.സി വിജ്ഞാപനമിറക്കിയത് ഉദ്യോഗാര്‍ഥികളെ വെട്ടിലാക്കുന്നു.
പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഈ മാസം 20നും അടുത്തമാസം 4നുമാണ് അവസാനിക്കുന്നത്. ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം എന്നീ വിഷയങ്ങളിലെ അധ്യാപക നിയമനത്തിന് അപേക്ഷിക്കേണ്ട അവസാന തിയതിയാണ് ഈ മാസം 20ന് അവസാനിക്കുന്നത്. മലയാളം, ഹിന്ദി, അറബിക്, കണക്ക്, ഫിസിക്‌സ്, കൊമേഴ്‌സ്, ഹിസ്റ്ററി, സോഷ്യോളജി, ബോട്ടണി, എക്കണോമിക്‌സ്, സുവോളജി, കെമസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളുടെ അവസാന തിയതിയാണ് 4ന് അവസാനിക്കുന്നത്.
കഴിഞ്ഞ മാസം 20നാണ് സെറ്റ് യോഗ്യതാ പരീക്ഷ നടന്നത്. അതിന്റെ ഫലം പ്രസിദ്ധീകരിക്കാന്‍ ഒന്നര മാസമെങ്കിലുമെടുക്കും. ധൃതിപിടിച്ച് ഫലം പ്രസിദ്ധീകരിച്ചാല്‍പോലും ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം എന്നീ വിഷയങ്ങള്‍ക്കുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇരുട്ടടിയാകും.
എല്ലാ വിഷയങ്ങള്‍ക്കും വരുംവര്‍ഷങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള എല്ലാ നിയമനങ്ങള്‍ക്കുമുള്ള അവസരമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ഈ വിജ്ഞാപനത്തിലൂടെ ലഭിക്കുന്നത്. ഇനി ചുരുങ്ങിയത് എട്ടുവര്‍ഷമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള വിജ്ഞാപനം പി.എസ്.സി ഇറക്കുകയുള്ളൂ. ഇതിനിടയില്‍ പലര്‍ക്കും പ്രായപരിധി കഴിയാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഈ അവസരം ലഭിച്ചില്ലെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് തീരാനഷ്ടമാണുണ്ടാകുക.
സംസ്ഥാനത്ത് ആദ്യമായി ദ്വിവത്സര ബി.എഡ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികളെ പരിഗണിച്ചുകൊണ്ടാണ് പി.എസ്.സി ഈ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
2012ലാണ് ഇതിനുമുന്‍പ് പി.എസ്.സി ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. സെറ്റ് ഫലം 20ന് മുന്‍പ് പ്രസിദ്ധീകരിക്കുകയോ പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള സമയം ദീര്‍ഘിപ്പിക്കുകയോ ചെയ്‌തെങ്കില്‍ മാത്രമേ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം ലഭിക്കുകയുള്ളൂ. 20 ദിവസം മുന്‍പ് മാത്രം നടന്ന സെറ്റ് ഫലം നേരത്തേയാക്കുക പ്രായോഗികമല്ല. ധൃതിപ്പെട്ട് ഫലം പ്രസിദ്ധീകരിച്ചാലുണ്ടാകാവുന്ന പിഴവുകള്‍ മുന്നില്‍ക്കണ്ട് എല്‍.ബി.എസ് അതിന് തയാറാവില്ല.
പി.എസ്.സി തീരുമാനത്തില്‍നിന്ന് പിറകോട്ട് പോയില്ലെങ്കില്‍ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ഭാവിയാണ് ഇരുളടയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."