പറമ്പിക്കുളം ആളിയാര്‍ കരാര്‍ ലംഘിച്ച് തമിഴ്‌നാടിന്റെ ജലക്കൊള്ള
പാലക്കാട്: അറുപതു വര്‍ഷം പിന്നിട്ട പറമ്പിക്കുളം ആളിയാര്‍ കരാറിന് പുല്ലുവില കല്‍പ്പിച്ചു തമിഴ്‌നാടിന്റെ ജലക്കൊള്ള. കേരളത്തിലേക്ക് വെള്ളമെത്തിക്കുന്ന രണ്ടു പുഴകള്‍ക്കു കുറുകെ കനാലുകളും തടയണയും നിര്‍മിച്ചാണ് തമിഴ്‌നാട് ജലം കവരുന്നത്. തമിഴ്‌നാട് ജലസേചനവകുപ്പിന്റെ രേഖകള്‍ തന്നെയാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്.
കേരളവും തമിഴ്‌നാടും സംയുക്തമായി തീരുമാനമെടുക്കാതെ പദ്ധതി മേഖലയില്‍ യാതൊരു നിര്‍മാണപ്രവൃത്തിയും പാടില്ലെന്നാണു കരാര്‍. എന്നാല്‍ കേരളത്തെ അറിയിക്കാതെ വര്‍ഷാവര്‍ഷം വിവിധ പദ്ധതികളിലൂടെ കോടികള്‍ ചെലവിട്ടു തടയണയും കനാലുകളും നിര്‍മിച്ചും നവീകരിച്ചും തമിഴ്‌നാട് നമുക്ക് അര്‍ഹതപ്പെട്ട ജലം കവരുകയാണ്. നബാര്‍ഡിന്റേയും മറ്റും ഫണ്ടുകള്‍ ഉപയോഗിച്ച് 2016- 17 വര്‍ഷത്തെ രണ്ടു പദ്ധതികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. മറ്റു രണ്ട് പദ്ധതികള്‍ക്കായി തമിഴ്‌നാട് ജലസേചനവകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. കേരളത്തിലേക്ക് വെള്ളം ഒഴുകിവരുന്ന പാലാര്‍ നദിക്ക് കുറുകെ ഒരു കോടി രൂപ മുടക്കി നേരത്തെ ഉണ്ടായിരുന്ന കോസ്‌വേ ഷട്ടറുകള്‍ നവീകരിച്ചു. മഴക്കാലത്ത് അധികമായി വരുന്ന വെള്ളം ഈ ഷട്ടറുകള്‍ അടച്ച് പഴനി ഭാഗത്തേക്കു തിരിച്ചുവിട്ട് 480 ഹെക്ടറോളം നെല്‍കൃഷിക്ക് ഉപയോഗിക്കാമെന്നു തമിഴ്‌നാട് ജലസേചന വകുപ്പിന്റെ പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നു. പറമ്പിക്കുളം ആളിയാര്‍ മോഖലയിലെ ധാരാപുരം താലൂക്കിലെ ഉപ്പാര്‍ നദിക്കു കുറുകെ കനാല്‍ നിര്‍മിച്ച് വെള്ളം കടത്താനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഇതിനുവേണ്ടി എട്ടേകാല്‍ കോടിയോളം രൂപയാണ് ചെലവഴിച്ചത്. തമിഴ്‌നാട് സര്‍ക്കാര്‍ കനിയാതെ ഇനി തുള്ളി വെള്ളം പോലും കേരളത്തിന് ലഭിക്കാനിടയില്ല.
വാല്‍പ്പാറ അപ്പര്‍ ഷോളയാറിലെ ഉളിക്കലിലെ ടണല്‍എന്‍ട്രിയിലെ ഷട്ടര്‍ 3.82 കോടി ചെലവിട്ടു നവീകരിച്ചതും ഈയടുത്താണ്. കേരളാ ഷോളയാറിലേക്കുള്ള വെള്ളത്തിന്റെ നിയന്ത്രണവും ഇതോടെ തമിഴ്‌നാടിന്റെ കൈയിലായി. കേരളാ ഷോളയാര്‍ സെപ്റ്റംബര്‍ ഒന്നിന് നിറച്ചു നിര്‍ത്തണമെന്ന കരാര്‍ വ്യവസ്ഥയും തമിഴ്‌നാട് ലംഘിച്ചു.
ഷട്ടറുകള്‍ നവീകരിച്ച കാര്യം കേരളത്തെ അറിയിച്ചിരുന്നില്ല. ഇടുക്കി മുല്ലപ്പെരിയാര്‍ ഡാമിന്റെ ബേബി ഡാമിന് താഴെയുള്ള അരുവിയില്‍ ഭിത്തികെട്ടാന്‍ 7.85 കോടിയാണ് ചെലവിട്ടത്. അപ്പര്‍ നീരാര്‍, ആളിയാര്‍, ഷോളയാര്‍ ഡാമുകളുടെ അറ്റകുറ്റപ്പണിക്കായി 28 കോടി രൂപ ചെലവഴിച്ചതായും രേഖകള്‍ പറയുന്നു. കരാര്‍ ലംഘനങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ സമീപഭാവിയില്‍ തന്നെ പാലക്കാട് ജില്ല മരുഭൂമിയാകും. ഭാരതപ്പുഴ വറ്റിവരളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."