ഫിഫ അണ്ടര്‍ 17 ലോകകപ്പ്: കലാശപ്പോരാട്ടം സാള്‍ട്ട് ലെയ്ക് സ്റ്റേഡിയത്തില്‍
കൊല്‍ക്കത്ത: അടുത്ത മാസം ഇന്ത്യയില്‍ അരങ്ങേറാനിരിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ പോരാട്ടം കൊല്‍ക്കത്ത സാള്‍ട്ട് ലെയ്ക് സ്റ്റേഡിയത്തില്‍ അരങ്ങേറും. ലോകകപ്പിനായി പുതുക്കി പണിത സ്റ്റേഡിയത്തിലെ സൗകര്യങ്ങളില്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. പത്തില്‍ പത്ത് മാര്‍ക്കാണ് സംഘാടകര്‍ സ്റ്റേഡിയത്തിന് നല്‍കിയത്. ഒക്ടോബര്‍ ആറ് മുതല്‍ 28 വരെ കൊച്ചിയടക്കം ഇന്ത്യയിലെ ആറ് സ്റ്റേഡിയങ്ങളിലാണ് പോരാട്ടങ്ങള്‍. ലോക മാമാങ്കത്തിന്റെ ഒരുങ്ങള്‍ക്കായി സ്റ്റേഡിയം സംഘാടക സമിതി ഏറ്റെടുത്തു.
രണ്ടര വര്‍ഷം കൊണ്ട് മികച്ച രീതിയില്‍ സ്റ്റേഡിയം പുതുക്കി പണിയാന്‍ മുന്‍കൈയെടുത്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നതായി ഹാവിയര്‍ സെപ്പി വ്യക്തമാക്കി. ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം സംഘടിപ്പിക്കാന്‍ സ്റ്റേഡിയം സുസജ്ജമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
100 കോടിയോളം രൂപ മുടക്കിയാണ് സ്റ്റേഡിയം പുതുക്കി പണിതത്. 120,000 പേര്‍ക്ക് സ്റ്റേഡിയത്തിലിരുന്ന് മത്സരങ്ങള്‍ വീക്ഷിക്കാനുള്ള സൗകര്യമുണ്ട്. അതേസമയം നിലവില്‍ 66687 പേര്‍ക്ക് മത്സരം കാണാനായി നിജപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഗ്രൗണ്ട്‌സ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ലോകകപ്പിനായി സ്റ്റേഡിയത്തിലേക്ക് കാണികളെ കടത്തുന്നത് നിജപ്പെടുത്തിയത്. ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന കൊല്‍ക്കത്തന്‍ നഗരത്തില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് കാണികളുടെ ഒഴുക്ക് ഉറപ്പാണ്. പരമാവധി സ്റ്റേഡിയത്തില്‍ 80000 കാണികളെ വരെ ഉള്‍ക്കൊള്ളാനുള്ള അവസരമുണ്ടെന്ന് സംഘാടകര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."