ബഹിരാകാശത്തെ നക്ഷത്രം
കല്‍പന ചൗളയ്ക്കു ശേഷം ബഹിരാകാശ യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജയാണ് സുനിത വില്യംസ്. ബഹിരാകാശത്ത് ഏറ്റവും അധികം ദിവസം (195 ദിവസം) കഴിച്ചുകൂട്ടിയ വനിതയാണ് ഇവര്‍. 2006 ഡിസംബര്‍ 9-ന് ബഹിരാകാശത്തേക്കുയര്‍ന്ന നാസയുടെ എസ്.ടി.എസ് 116 ദൗത്യത്തിലാണ് സുനിതയും അംഗമായിരുന്നത്. കുതിച്ചുയര്‍ന്ന് ബഹിരാകാശ വാഹനത്തിലേറി ഭൂമിയില്‍ നിന്ന് അകന്നുപോവുമ്പോള്‍ സുനിതയുടെ കൈയില്‍ സഹയാത്രികര്‍ക്കു പരിചിതമല്ലാത്ത ചില സാധനങ്ങളുണ്ടായിരുന്നു. ഒരു ഭഗവത്ഗീത, ഗണപതിയുടെ കൊച്ചുപ്രതിമ, പിതാവ് ഹിന്ദിയിലെഴുതിയ ഒരു കത്ത് ഒരു പൊതി സമൂസയും.
ജനിച്ചത് അമേരിക്കയിലാണെങ്കിലും ഇവരുടെ ഉള്ളില്‍ ഒരിന്ത്യാക്കാരിയുണ്ട്. ആറുമാസത്തിനുശേഷം മറ്റൊരാകാശ പേടകത്തില്‍ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഭൂമിയിലേക്കു തിരിച്ച സുനിതയ്ക്കായി പ്രാര്‍ഥനകളോടെ മാനത്തേയ്ക്കു കണ്ണുംനട്ടിരുന്നവരുടെ കൂട്ടത്തില്‍ ഏറെയും ഇന്ത്യാക്കാരായിരുന്നു. അവരുടെ നേട്ടം ഇന്ത്യയുടേതുമാണ്.
അമേരിക്കയിലെ ഓഹിയോയിലെ യൂക്ലിഡില്‍ 1965 സെപ്തംബര്‍ 19-ന് ജനിച്ച സുനിതയുടെ പിതാവ് ഇന്ത്യക്കാരനാണ്. ഗുജറാത്തില്‍ നിന്ന് അമേരിക്കയിലെത്തിയ പ്രശസ്ത ഭിഷഗ്വരന്‍ ദീപക് പാണ്ഡ്യ. മാതാവ് യുഗോസ്ലാവ്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ബോണി. സ്‌കൂളിലും കോളജിലുമൊന്നും അസാമാന്യ മികവു കാണിച്ച വിദ്യാര്‍ഥി ആയിരുന്നില്ല സുനിത. സഹോദരന്‍ നാവിക അക്കാദമിയില്‍ ചേര്‍ന്നതുകൊണ്ടാണ് താനും ആ പാത പിന്തുടര്‍ന്നതെന്ന് സുനിത പറഞ്ഞിട്ടുണ്ട്.
നാവിക അക്കാദമിയില്‍ ഹെലികോപ്ടര്‍ പറത്തുന്ന ജോലിയിലാണ് സുനിത പരിശീലനം നേടിയത്. പിന്നെ ടെസ്റ്റ് പൈലറ്റ് സ്‌കൂളില്‍ ചേര്‍ന്നു. അവിടെ നിന്നാണ് ബഹിരാകാശ ഗവേഷണ മേഖലയിലേക്ക് കടന്നത്. ഇപ്പോള്‍ അമേരിക്കന്‍ നാവിക സേനയില്‍ ഓഫിസറും നാസയില്‍ ബഹിരാകാശ സഞ്ചാരിയുമാണ് സുനിത. ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായ സുനിത പിതാവിലൂടെയും മാതാവിലൂടെയും ഇന്ത്യന്‍-സ്ലൊവേനിയന്‍ വംശ പാരമ്പര്യം പിന്തുടരുന്നു.
അമേരിക്കന്‍ പൗരത്വമുള്ള സുനിത ഇപ്പോള്‍ മസാച്ചുസെറ്റ്‌സ് സ്വദേശിയാണ്. ഭൗതികശാസ്ത്രത്തില്‍ ബിരുദവും എനര്‍ജി മനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടി. 1987-ല്‍ യു.എസ്. നേവല്‍ അക്കാദമിയില്‍ കമ്മിഷന്‍ ചെയ്തു. 2770 മണിക്കൂര്‍ വിമാനം പറത്തിയിട്ടുണ്ട്.1998 ജൂണില്‍ നാസയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ പ്രാവശ്യം സഞ്ചാരം നടത്തിയ വനിത എന്ന ബഹുമതി കരസ്ഥമാക്കി.
2002-ല്‍ നീമോ 2 ദൗത്യത്തില്‍ അംഗമായി. സമുദ്രാടിത്തട്ടിലെ ആവാസ വ്യവസ്ഥയെക്കുറിച്ച് പഠിക്കാനുള്ള ദൗത്യമായിരുന്നു നീമോ 2. 2007 ജനുവരി 31-ന് അവര്‍ ആദ്യമായി ബഹിരാകാശത്തു നടന്നു. പിന്നീട് ഫെബ്രുവരി 7,9 ദിവസങ്ങളില്‍ രണ്ടു നടത്തങ്ങള്‍ കൂടി, ഒമ്പതു ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു പ്രാവശ്യമായി ഇവര്‍ ആറു മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്തു നടന്നു. നാലാം നടത്തം കൂടി കഴിഞ്ഞതോടെ അവര്‍ 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്ത് നടന്ന് പുതിയ റെക്കോര്‍ഡിനുടമയായി. 2007 ഡിസംബര്‍ 18-ന് പെഗി വിറ്റ്‌സ 32 മണിക്കൂറും 32 മിനിറ്റും പൂര്‍ത്തിയാക്കുന്നതുവരെ ഇതു നിലനിന്നു.
ആറാമതും ഏഴാമതും ബഹിരാകാശ യാത്ര നടത്തിയ അവര്‍ ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം (50 മണിക്കൂര്‍ 40 മിനിട്ട്) എന്ന റെക്കോര്‍ഡിനര്‍ഹയായി. 2007 ഏപ്രില്‍ 16-ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ട്രെഡ്മില്ലില്‍ ഓടിക്കൊണ്ട് അവര്‍ 2007 ബോസ്റ്റ മാരത്തോണില്‍ പങ്കെടുത്തു. നാലുമണിക്കൂറും 24 മിനിറ്റുമാണ് അവിടെ ഓടിത്തീര്‍ത്തത്. ആദ്യമായി ബഹിരാകാശത്ത് കൂടെ ഭൂമിയെ വലം വച്ച് മാരത്തോണ്‍ മത്സരത്തില്‍ പങ്കെടുത്ത ആദ്യത്തെ വ്യക്തിയായി സുനിത. 195 ദിവസം ബഹിരാകാശത്തു താമസിച്ച് ഇവര്‍ പുതിയൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചു. 215 ദിവസം ബഹിരാകാശത്തു കഴിച്ചുകൂട്ടിയ മിഷേല്‍ അലേഗ്രിയ മാത്രമെ ഇപ്പോള്‍ സുനിത വില്യംസിനേക്കാള്‍ മുന്നിലുള്ളൂ. വനിതകളില്‍ ഇവര്‍ തന്നെയാണ് ഒന്നാമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."