കോള്‍നില വികസന പദ്ധതികള്‍ പാതിവഴിയില്‍; പ്രതീക്ഷകള്‍ കതിരണിയാതെ കര്‍ഷകര്‍
കുറ്റ്യാടി: ജില്ലയിലെ പ്രധാന നെല്ലറകളിലൊന്നായ വേളം പാടശേഖരങ്ങളില്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച കോള്‍നില വികസന പദ്ധതികള്‍ പാതി വഴിയിലായതോടെ നെല്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ മങ്ങലില്‍. അഞ്ഞൂറില്‍പ്പരം ഹെക്ടറില്‍ വ്യാപിച്ചു കിടന്നിരുന്ന നെല്‍പാടങ്ങള്‍ ചുരുങ്ങി ഇരുന്നൂറില്‍പ്പരം ഹെക്ടറിലേക്ക് എത്തിയിരിക്കുകയാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 11 പാടശേഖര സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നെല്ലുല്‍പാദനത്തില്‍ പഞ്ചായത്ത് വളരെ പിറകോട്ടു പോകുന്ന സ്ഥിതിയാണുള്ളത്. ഒരുകാലത്ത് ഇരൂപ്പ് കൃഷി നടത്തിയിരുന്ന മിക്ക പാടങ്ങളും ഇന്ന് ഒരുപ്പ് കൃഷിയിലേക്ക് ഒതുങ്ങുന്ന സ്ഥിതിയായി. ജലസേചന സൗകര്യങ്ങളുടെയും അധികമാകുന്ന വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാനാവശ്യമായ സംവിധാനങ്ങളുടെയും അപര്യാപ്തതയാണ് ഇതിനു കാരണമായി കര്‍ഷകര്‍ പറയുന്നത്.
പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ആര്‍.ഐ.ഡി.എഫ് ഫണ്ട് ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ കുറ്റ്യാടി പ്രൊജക്ടിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ മെല്ലെപ്പോക്കും ലക്ഷ്യം പൂര്‍ത്തികരിക്കുന്നതിനു തടസമായി. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള വേളം പഞ്ചായത്തിലെ കനാലുകളും ഫീല്‍ഡ് ബൂത്ത്കളും പൊട്ടിപ്പൊളിഞ്ഞതും നികന്നുപോയതും നെല്‍കൃഷി വികസനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ഗുളികപ്പുഴ ലിഫ്റ്റ് ഇറിഗേഷന്‍ പ്രൊജക്ട്, എം.എം മണ്ണില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പ്രൊജക്ട്, തോട്ടുകോവുമ്മല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പ്രൊജക്ട് എന്നിവ ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമല്ലാതായി. ലിഫ്റ്റ് ഇറിഗേഷന്‍ പമ്പ് ഹൗസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതും മോട്ടോറുകള്‍ കാലഹരണപ്പെട്ട് ഉപയോഗശൂന്യമായതും കാരണം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്.
കുറ്റ്യാടി പ്രൊജക്ടില്‍ നിര്‍ദേശിച്ച പദ്ധതികളുടെ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ടുണ്ടായ തടസങ്ങളും നെല്‍കൃഷി വികസനത്തെ പ്രതികൂലമായി ബാധിച്ചു. അധികൃതരുടെ ജാഗ്രതക്കുറവും കരാറുകാരുടെ നിരുത്തരവാദിത്തവും പദ്ധതി പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിനു തടസമായി. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി വയലുകളില്‍ നിര്‍മിക്കുന്ന ഫാം റോഡുകള്‍ പ്രകൃതി ദത്തമായ നീര്‍ച്ചാലുകള്‍ നികത്തി അശാസ്ത്രീയമായി നിര്‍മിച്ചതു കാരണം ഏക്കര്‍ കണക്കിന് നെല്‍പാടങ്ങളാണ് അടിവയല്‍ പാടശേഖരത്തിന്റെ ഭാഗമായുള്ള മാങ്ങോട്ട് താഴ തരിശായി മാറിയത്. കുറ്റ്യാടിപ്പുഴയില്‍നിന്ന് ഉപ്പുവെള്ളം കയറുന്നത് കാരണം പുഴയെ ആശ്രയിച്ച് നെല്‍കൃഷി ഇറക്കാനും കര്‍ഷകര്‍ക്ക് കഴിയുന്നില്ല. അടിവയല്‍ പാടശേഖരത്തിലെ എടവലത്ത്താഴ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് വേണ്ടി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കുളത്തില്‍ ജലസേചനത്തിനാവശ്യമായ വെള്ളം ലഭിക്കുന്നില്ല. ഇത് ആഴംകൂട്ടി ജലലഭ്യത ഉറപ്പു വരുത്തിയാല്‍ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.
കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കിയാല്‍ മാത്രമെ അവര്‍ക്ക് ധൈര്യമായി കൃഷിഇറക്കാന്‍ കഴിയൂവെന്നതാണ് അവസ്ഥ. മകരകൃഷി ഇറക്കേണ്ട സമയമായിട്ടും പല കര്‍ഷകരും കൃഷി ഇറക്കാന്‍ മടിച്ചു നില്‍ക്കുകയാണ്. ലിഫ്റ്റ് ഇറിഗേഷന്‍ പ്രൊജക്ടുകളും പെരുവയല്‍, കുഴിവയല്‍ കനാല്‍ ഫീഡ് ബൂത്തുകള്‍ എന്നിവ നവീകരിക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിച്ചാല്‍ നെല്‍കൃഷിക്കും വേനല്‍ക്കാലത്തുണ്ടാകുന്ന കുടിവെള്ള ക്ഷാമത്തിനും ശാശ്വത പരിഹാരമാകും. പേരാമ്പ്ര മണ്ഡലത്തിലെ പാടശേഖരങ്ങള്‍ നവീകരിച്ച് നെല്‍കൃഷി വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വേളത്തെ കര്‍ഷകര്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."