വാണിമേല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു ശാപമോക്ഷമാവുന്നു
വാണിമേല്‍: ആദിവാസികളടക്കമുള്ള നിരവധി മലയോര നിവാസികളുട ആശ്രയമായ വാണിമേല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു ശാപമോക്ഷമാവുന്നു. കഴിഞ്ഞ തിരുവോണത്തിന് വിലങ്ങാട് അടുപ്പില്‍ കോളനി സന്ദര്‍ശനത്തിനിടയില്‍ മന്ത്രി എ.കെ ബാലന്‍ നല്‍കിയ വാഗ്ദാനം വലിയ പ്രതീക്ഷയോടെ നാട്ടുകാര്‍ കാണുന്നത്.
ആദിവാസി കോളനിയില്‍ ഒരുക്കിയ ഓണ സദ്യയില്‍ മന്ത്രി കുടുംബ സമേതമാണ് പങ്കെടുത്തത്. ആര്‍ദ്രം പദ്ധതിയുടെ ഡയറക്ടര്‍ കൂടിയായ ഭാര്യ ഡോക്ടര്‍ ജമീല തന്നോടൊപ്പമുണ്ടെന്നും അതിനാല്‍ ഈ പദ്ധതിയിലുള്‍പ്പെടുത്തി വാണിമേല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനം ഉറപ്പാക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. വളയം ആരോഗ്യ കേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ഇപ്പോള്‍ ഒരു ഡോക്ടറുടെ സേവനമാണ് ഉള്ളത്. സാധാരണ ദിവസങ്ങളില്‍ തന്നെ 150 ഓളം രോഗികള്‍ ഇവിടെ വന്നു പോവുന്നുണ്ട്. വയറല്‍ പനി പോലുള്ള പകര്‍ച്ച വ്യാധികളുടെ സമയത്ത് ഇതിന്റെ ഇരട്ടിയും വരും.
പ്രമേഹ രോഗികള്‍ക്കും കുത്തിവയ്പിനുമായുള്ള പ്രത്യേക ദിവസങ്ങളിന്‍ വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. എന്നാല്‍ എല്ലാവര്‍ക്കുമായി ഇരിപ്പിട സൗകര്യമോ വിശാലമായ ഒരു വരാന്തയോ ഇവിടെ ഇല്ല. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഫറന്‍സ് ഹാളും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ക്യാബിനുമെല്ലാം ചോര്‍ന്നൊലിക്കുന്നുമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് താല്‍ക്കാലികമായി ഷീറ്റിട്ട മേല്‍ക്കൂര പുതുക്കി പണിയേണ്ടത് അത്യാവശ്യമാണ്. റൂമുകള്‍ താല്‍ക്കാലികമായി വേര്‍തിരിച്ചതേയുള്ളൂ. അടച്ചുറപ്പുള്ള വാതിലുകളിലാത്തതിനാല്‍ വേണ്ടത്ര സുരക്ഷിതത്വവും ഒന്നിനുമില്ല. പരിമിതമായ ടോയ്‌ലറ്റ് സൗകര്യം മാത്രമുള്ള ആരോഗ്യ കേന്ദ്രത്തില്‍ ഒരു സ്ത്രീ സൗഹൃദ ടോയ്‌ലറ്റിനു വരുന്ന പദ്ധതിയില്‍ ഗ്രാമ പഞ്ചായത്ത് മൂന്നു ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്.
ഒരേക്കറോളമുള്ള സ്ഥലത്തു സ്ഥിതി ചെയ്യുന്ന ആരോഗ്യ കേന്ദ്രത്തിന്റെ അശാസ്ത്രീയമായ കെട്ടിട നിര്‍മാണം കാരണം കെട്ടിടത്തിന് പിറകിലും വശങ്ങളിലുമായി വലിയ തോതില്‍ സ്ഥലം ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുന്നതോടെ കേന്ദ്രത്തിനു സമൂലമായ മാറ്റം പ്രതീക്ഷിക്കുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."