ആലുവ ജില്ലാ ആശുപത്രിയിലെ ഉപകരണങ്ങള്‍ നന്നാക്കി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍
ആലുവ: ആലുവ ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ജ്ജനി പദ്ധതിയിലൂടെ പുനരുജ്ജീവിപ്പിച്ചു കൊണ്ടിരിക്കുകയാണ് പെരുമ്പാവൂര്‍ ഗവണ്മെന്റ് പോളി ടെക്‌നിക് കോളജിലെ എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ വോളന്റീയേഴ്‌സ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ നടപ്പാക്കുന്ന പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായ ഓണം അവധിക്കാലത്തെ സപ്തദിന ക്യാമ്പിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. പ്രോഗ്രാം ഓഫീസര്‍ രണദേവ് വോളണ്ടീയര്‍ സെക്രട്ടറി ജെറിന്‍,ഫീല്‍ഡ് ഓഫീസര്‍ ബ്ലെസ്സന്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് വര്‍ക്കുകള്‍ നടക്കുന്നത്.
യഥാസമയം അറ്റകുറ്റ പണികള്‍ നടക്കാതെ വരുന്നതുകൊണ്ടു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രത്യേകിച്ച് സര്‍ക്കാര്‍ ആതുരാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുന്ന അവസ്ഥ വോളന്റിയര്‍മാരുടെ സന്നദ്ധ സേവനത്തിലൂടെ ഇല്ലാതാക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന നൂതന പദ്ധതിയാണ് പുനര്‍ജ്ജനി. ആശുപത്രികളില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന വിലപിടിപ്പുള്ള ഉപകരണങ്ങള്‍, ഓപ്പറേഷന്‍ ടേബിളുകള്‍, നെബുലൈസറുകള്‍, ബി.പി അപ്പാരറ്റസ്, കട്ടിലുകള്‍, മേശകള്‍, ഡ്രിപ്പ് സ്റ്റാന്റുകള്‍, ട്രോളികള്‍, വീല്‍ ചെയറുകള്‍ വൈദ്യുത ജലവിതരണന സംവിധാനങ്ങള്‍, തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളുടെ മരാമത്ത് തുടങ്ങിയുള്ള വര്‍ക്കുകള്‍ ആണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നതെന്ന് പുനര്‍ജ്ജനി ഫീല്‍ഡ് ഓഫീസര്‍ ബ്ലെസ്സന്‍ പോള്‍ അറിയിച്ചു.
യുവത്വം ആസ്തികളുടെ പുനര്‍നിര്‍മാണത്തിനായി എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വരുന്ന യുവജനങ്ങളെ രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളിയാക്കുക, സാമൂഹിക സേവനത്തിലൂടെ സ്വയം വളരുവാന്‍ അവര്‍ക്ക് അവസരം നല്‍കുക എന്നീ ലക്ഷ്യങ്ങളോടു കൂടിയാണ് നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ ഓണം അവധിക്കാലം നാടിനായി മാറ്റിവച്ചു ഈ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ഏഴു ദിവസത്തെ ക്യാമ്പുകളിലൂടെ അരക്കോടി രൂപയിലേറെ വരുന്ന ആസ്തികള്‍ പുനഃസൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട എന്‍.എസ്.എസ് ഇപ്പോള്‍ തന്നെ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന ഉപകരണങ്ങള്‍ നന്നാക്കി കഴിഞ്ഞു. ക്യാമ്പ് സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: അബ്ദുല്‍ മുത്തലീബ് ഇവരുടെ സന്നദ്ധ പ്രവര്‍ത്തിന്ന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."