കുമ്പളം ടോള്‍ പ്ലാസയില്‍ സംഘര്‍ഷം; യാത്രക്കാരന് മര്‍ദനമേറ്റു
മരട്: ദേശീയപാതയിലെ കുമ്പളം ടോള്‍ പ്ലാസയില്‍ കുടുംബവുമായി കാറില്‍ സഞ്ചരിച്ച മദ്ധ്യവയസ്‌കനെ ടോള്‍ പ്ലാസ ജീവനക്കാരന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. അരൂരിലേക്ക് കാറില്‍ കുടുംബവുമായി പോയ തമ്മനം കൊല്ലാമുറി ഉമ്മറിനാണ് (58) തലയ്ക്ക് കമ്പിവടി കൊണ്ടുള്ള അടിയേറ്റത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. ടോള്‍ എടുക്കുന്ന സമയത്ത് പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാതെ അസഭ്യം പറഞ്ഞ് കൊണ്ട് അന്യസംസ്ഥാനക്കാരനായ ടോള്‍ ജീവനക്കാരനാണ് ഉമ്മറിനെ കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന കമ്പിവടി കൊണ്ട് പിതാവിനെ തലയ്ക്ക് അടിച്ചതെന്ന് കാറോടിച്ചിരുന്ന ഉമ്മറിന്റെ മകന്‍ അസ്ലം പറഞ്ഞു. തുടര്‍ന്ന് സംഭവം കണ്ട് നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി. വിവരമറിഞ്ഞ് പനങ്ങാട് പോലീസും സ്ഥലത്തെത്തി.തുടര്‍ന്ന് എന്‍.എച്ച്.എ.ഐ യുടെ ആംബുലന്‍സില്‍ ഉമ്മറിനെ നെട്ടുര്‍ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുമ്പളം ടോള്‍ പ്ലാസയില്‍ ടിക്കറ്റ് കൗണ്ടറില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാനക്കാരായ ജീവനക്കാര്‍ ഗുണ്ടകളെപ്പോലെയാണ് വാഹനയാത്രക്കാരോട് പെരുമാറുന്നതെന്ന ആക്ഷേപം ശക്തമാണ്. ടോള്‍ കൗണ്ടറില്‍ ഇരുമ്പ് വടി സൂക്ഷിച്ചു കൊണ്ടാണ് ജീവനക്കാര്‍ യാത്രക്കാരോട് മോശമായി ഇടപെടുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഉമ്മറിനെ ആശുപത്രിയിലെ തീവപരിചരണ വിഭാഗത്തില്‍ പ്രരവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."