വിയോഗവാര്‍ത്തയില്‍ വിറങ്ങലിച്ചു ജില്ല
കാസര്‍കോട്: അഞ്ചുപേരുടെ വിയോഗ വാര്‍ത്തയുടെ ഞെട്ടലില്‍ മുക്തമാകാതെ ജില്ലയിലെ കമ്പാര്‍,ടി.എന്‍.മൂല,തൃക്കരിപ്പൂര്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ വിതുമ്പുന്നു. രാവിലെ പത്തരയോടെ കാസര്‍ക്കോട് ചൗക്കി കമ്പാറിനു സമീപത്തെ ഉടുവയിലെ അബ്ദുല്ലയുടെ ഭാര്യ നാലപ്പത്തിയഞ്ചുകാരി വീട്ടമ്മ മറിയത്തെ പുഴയില്‍ ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്നു നാട്ടുകാര്‍ പുറത്തെടുത്ത വാര്‍ത്തയാണ് ജില്ലയെ തേടിയെത്തിയത്. തുടര്‍ന്ന് ഇവര്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഇവരുടെ ആറു വയസുകാരിയായ മകള്‍ മുര്‍ഷിദയും കൂടെയുണ്ടായിരുന്നുവെന്ന വാര്‍ത്ത കൂടി പിന്നാലെയെത്തിയതോടെ പ്രദേശം മുഴുവന്‍ ഈ കുട്ടിയുടെ ജീവനു വേണ്ടി പ്രാര്‍ഥനയില്‍ മുഴുകി. രക്ഷാ സേനകള്‍ രാത്രി വരെ പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ പുഴയില്‍ കണ്ടെത്താനും സാധിച്ചില്ല. രാവിലെ വീട്ടില്‍ നിന്ന് അടക്കാത്തോട്ടത്തിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് ഇവര്‍ മകളുമായി ഇറങ്ങിയതെന്നു പറയുന്നു. പിന്നീട് മറിയമിനെ പുഴയില്‍ ഒഴുകുന്ന നിലയിലാണ് പ്രദേശവാസികള്‍ കാണുന്നത്. ഒരാഴ്ചക്കിടെ ഉണ്ടായ ഒട്ടനവധി ദുരന്തങ്ങളുടെ വാര്‍ത്തകള്‍ കേട്ട് മരവിച്ച ജനങ്ങള്‍ മുര്‍ഷിദയെ ജീവനോടെ കിട്ടുമെന്ന പ്രതീക്ഷ കൈവിട്ടിരുന്നില്ല. വൈകുന്നേരത്തോടെ തൃക്കരിപ്പൂര്‍ പൂച്ചോലിലെ ജമാല്‍ശരീഫ എന്നിവരുടെ മകന്‍ പതിനേഴുകാരനായ ജഫ്‌സീര്‍ കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കവേ കാണാതായ വാര്‍ത്ത പടരുകയായിരുന്നു. ഇതോടെ ഈ പ്രദേശത്തെ ആളുകളും ജഫീറിന്റെ ജീവന് വേണ്ടി പ്രാര്‍ഥനയുമായി വിതുമ്പി. അല്‍പ സമയത്തിനകം ജഫീറിനെ കടലില്‍ നിന്നും കണ്ടെത്തി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ടന്നും ജീവനുണ്ടെന്നും വാര്‍ത്ത പരന്നതോടെ ആളുകള്‍ പ്രതീക്ഷയിലായി. എന്നാല്‍ ഈ പ്രതീക്ഷയും അസ്ഥാനത്താക്കി ജഫീറും ജീവിതത്തില്‍ നിന്നു വിട പറഞ്ഞു.
രാത്രി പത്തോടെ കാസര്‍കോട് താഴെ നായന്മാര്‍ മൂലയില്‍ പിതാവും മകനും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ കുഴഞ്ഞു വീണു മരിച്ച വാര്‍ത്തയാണ് പിന്നീട് വന്നത്. ഹൃദ്‌രോഗിയായ മുപ്പത്തേഴുകാരന്‍ റഷീദ് വീട്ടില്‍ കുഴഞ്ഞു വീഴുകയും രക്തം ഛര്‍ദ്ധിക്കുകയും ചെയ്തത് നേരില്‍ കണ്ട ഇയാളുടെ പിതാവ് എണ്‍പതുകാരനായ അബ്ദുല്‍ റഹിമാനും നിമിഷങ്ങള്‍ക്കകം വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ തൊട്ടടുത്തുള്ള കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
ഇന്നലെ രാവിലെ ഏഴരയോടെ മുര്‍ഷിദയുടെ മൃതദേഹം കമ്പാറിലെ ജുമാ മസ്ജിദ് പരിസരത്തെ പുഴയില്‍ നിന്നു കണ്ടെടുത്തതോടെ ഞെട്ടലില്‍ നിന്നു മുക്തമാകാതെ നില്‍ക്കുകയാണു ജനം. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണു മൃതദേഹങ്ങള്‍ മറവ് ചെയ്തത്.
തൃക്കരിപ്പൂര്‍: ശനിയാഴ്ച വലിയപറമ്പ കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു മരണത്തിനു കീഴടങ്ങിയ ജഫ്‌സീറിന്റെ മയ്യിത്ത് വടക്കുമ്പാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. തിരയില്‍പെട്ട് കാണാതായ ജഫ്‌സീറിനെ ഒന്നര മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെടുത്തത്. കണ്ടെടുക്കുമ്പോള്‍ ജീവന്റെ തുടിപ്പ് അനുഭവപ്പെട്ടതിനാല്‍ പെട്ടെന്ന് ആശുപത്രിയിലേക്ക് കോണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ജഫ്‌സീറിന്റെ മയ്യിത്ത് പൂച്ചോലിലെ വീട്ടിലേക്ക് എത്തിച്ചതോടെ നാടിന്റെ നാനതുറകളില്‍ നിന്ന് നൂറുക്കണക്കിനാളുകളാണ് വിട്ടിലെത്തിയത്.
തൃക്കരിപ്പൂര്‍ പോളിടെക്‌നിക് യൂനിറ്റ് എം.എസ്.എഫിന്റെ സജ്ജിവ പ്രവര്‍ത്തകന്‍ കൂടിയാണ് ജഫ്‌സീര്‍. രണ്ടു ദിവസം മുന്‍പാണ് ഇവിടത്തുകാരനായ സി.എച്ച് മനാഫ് എന്ന യുവാവ് റിയാദില്‍ നിന്നു മരണപ്പെട്ടത്. ഇതിന്റെ ദുഖത്തില്‍ നിന്ന് നാട് മോചിക്കുന്നതിന് മുന്നേ ഇന്നലെ വിണ്ടും നാട് വീണ്ടും കണ്ണീരിലായത്. എം. രാജഗോപാലന്‍ എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ ലീഗ് സെക്രട്ടറി എം.സി ഖമറുദ്ദീന്‍ തുടങ്ങിയവര്‍ പരേതന്റെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."