ജില്ലയിലെ പോക്സോ കോടതി കടലാസില്‍ തന്നെ
മലപ്പുറം: ജില്ലയില്‍ കുട്ടികള്‍ ഇരകളാകുന്ന കേസുകള്‍ തീര്‍പ്പാകുന്നതു മന്ദഗതിയില്‍. കുട്ടികളുടെ അവകാശങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനുള്ള പോക്സോ കോടതി സ്ഥാപിക്കാനുള്ള നടപടിയാകാത്തതാണ് കേസുകള്‍ കെട്ടിക്കിടക്കാന്‍ കാരണം. സംസ്ഥാനത്തുടനീളം കുട്ടികള്‍ക്കെതിരായ അതിക്രമം തടയാനുള്ള പോക്സോ കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ള ജില്ലകളിലൊന്നാണ് മലപ്പുറം.
സ്ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ പരിഗണിക്കുന്നതിനു നിലവില്‍ മഞ്ചേരിയിലെ സ്പെഷല്‍ കോടതി മാത്രമാണ് ജില്ലയിലുള്ളത്. നിലവില്‍ 1,400 കേസുകളാണ് ജില്ലയില്‍ കെട്ടിക്കിടക്കുന്നത്. ഇതില്‍ 425ഉം പോക്സോ കേസുകളാണ്. 1,200 കേസുകള്‍ മാത്രമുള്ള തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ രണ്ടു കോടതികളുണ്ട്, ഇതില്‍ ഒന്ന് പോക്സോ കേസുകള്‍ക്കു മാത്രമാണ്. എല്ലാ ജില്ലകളിലും പോക്സോ കോടതികള്‍ സ്ഥാപിക്കണമെന്ന കര്‍ശന നിബന്ധന നിലനില്‍ക്കേയാണ് ഇത്രയും കേസുകള്‍ ജില്ലയില്‍ കെട്ടിക്കിടക്കുന്നത്.
കുട്ടികളുടെ അവകാശങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നു ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി കഴിഞ്ഞ മാസം അവസാനം നടത്തിയ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. 2012ല്‍ പോക്സോ നിയമം നിലവില്‍വന്നതുമുതല്‍ സംസ്ഥാനത്തുടനീളം ആകെ 6,123 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമാണ് പോക്സോ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."