ടി.കെ നമ്പീശന്‍ മാസ്റ്റര്‍ക്ക് നാടിന്റെ സ്‌നേഹാദരം
എരുമപ്പെട്ടി: ആയിരത്തിലധികം പൂര്‍ണ്ണചന്ദ്രനെ കണ്ട വേലൂര്‍ തയ്യൂര്‍ ടി.കെ നമ്പീശന്‍ മാസ്റ്റര്‍ക്ക് നാടിന്റെ സ്‌നേഹാദരം. 84-ാം ജന്മദിനമാഘോഷിച്ച നമ്പീശന് ആശംസകളര്‍പ്പിക്കുവാന്‍ ജനപ്രതിനിധികളടക്കം നിരവധിയാളുകളെത്തി.
1934ല്‍ പൊന്നാനി താലൂക്കില്‍ വൈലത്തൂരില്‍ ജനിച്ച നമ്പീശന്‍ മാസ്റ്റര്‍ 1992 ലാണ് വേലൂരിലെത്തുന്നത്. അന്നു മുതല്‍ വേലൂര്‍ക്കാര്‍ക്ക് എന്നും പ്രിയപ്പെട്ടവനാണ് നമ്പീശന്‍ മാസ്റ്റര്‍. തന്റെ അധ്യാപന ജീവിതത്തിനു ശേഷമാണ് ഇദ്ദേഹം വേലൂരിന്റെ സജീവ സാന്നിധ്യമായത്.
63 വര്‍ഷമായി സി.പി.ഐ.എം പ്രവര്‍ത്തകനായ നമ്പീശന്‍ മാസ്റ്റര്‍ നിലമ്പൂര്‍ ഏരിയാ സെക്രട്ടറി, 22 വര്‍ഷം മലപ്പുറം ജില്ലാ കമ്മറ്റി അംഗം, വടക്കാഞ്ചേരി ഏരിയാ കമ്മറ്റി അംഗമായും എട്ട് വര്‍ഷം വേലൂര്‍ ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2005-2010 കാലയളവില്‍ വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മികച്ച ഗ്രന്ഥകാരന്‍ കൂടിയായ നമ്പീശന്‍ ആത്മകഥയായി 'പരിഗണിക്കുന്ന അരക്ഷിതര്‍ക്കിടയില്‍ അരനാഴികനേരം' എന്ന ഗ്രന്ഥത്തോടെയാണ് സാഹിത്യ ലോകത്തിലേക്ക് കടന്നു വരുന്നത്. പീന്നീട് ഒരധ്യാപകന്റെ ഓര്‍മക്കുറിപ്പുകളായി രചിച്ച 'ജനങ്ങളോടൊപ്പം ആറ് പതിറ്റാണ്ട് ' എന്ന പുസ്തകം ജീവിച്ചു തീര്‍ത്ത നാള്‍വഴിയുടെ സാക്ഷ്യപ്പെടുത്തലാണ്. ആ പുസ്തകത്തിന് കൂത്താട്ടുകുളം മേരി അവാര്‍ഡ് നേടിയിട്ടുണ്ട്.
ഒരു നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ മാസ്റ്റര്‍ക്ക് ജന്മദിനാശംസകള്‍ നേരാന്‍ മന്ത്രി എ.സി മൊയ്തീന്‍, പി.കെ ബിജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ എം.പത്മിനി ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം കല്യാണി എസ് നായര്‍, വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ്കുമാര്‍ തുടങ്ങി നിരധിപേര്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."