കേരളത്തിനു വേണ്ട, ശശികലമാരെ
വായില്‍ തോന്നിയതെല്ലാം യാതൊരു സങ്കോചവുമില്ലാതെ പൊതുവേദികളില്‍ വിളിച്ചുപറയാന്‍ മടിക്കാത്ത കുറച്ചുപേര്‍ നമ്മുടെ നാട്ടിലുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും മുന്നിലാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല. അവര്‍ വായ തുറന്നാല്‍ പുറത്തുചാടുന്നത് മതവിദ്വേഷവും വെറുപ്പും അക്രമപ്രേരണയും ശുദ്ധ വിവരക്കേടുമൊക്കൊണ്. അണികളില്‍ വര്‍ഗീയാഗ്നി പടര്‍ത്തുന്ന അവരുടെ നാവ് കേരളത്തിന്റെ സാമൂഹികജീവിതത്തില്‍ ചെറുതല്ലാത്ത ശല്യവും അസ്വസ്ഥതകളും സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. നീചമായ വര്‍ഗീയത പ്രചരിപ്പിക്കുന്ന അവരുടെ വാക്കുകളിപ്പോള്‍ കൊലവിളിയുടെ തലത്തിലേക്കു വരെ വളര്‍ന്ന് ഗുരുതരമായ ക്രമസമാധാന പ്രശ്‌നമായി പരിണമിച്ചിരിക്കുകയാണ്.
മതേതരവാദികളായ എഴുത്തുകാരെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ കഴിഞ്ഞ ദിവസം പറവൂരില്‍ പ്രസംഗിച്ചതിന് ശശികലയ്‌ക്കെതിരേ പൊലിസ് കേസെടുത്തിരിക്കയാണ്. അതേ ദിവസം തന്നെ 2006ല്‍ കോഴിക്കോട്ടു നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അവിടെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കാസര്‍കോട്ടു നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലുള്ള കേസ് നിലനില്‍ക്കെയാണ് പുതിയവ കൂടി വന്നിരിക്കുന്നത്. അവരെ പരിചയമുള്ള കേരളീയരുടെ കണ്ണില്‍ ഇതൊന്നും വലിയ കാര്യമല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇത്രയും കാലം അവര്‍ നടത്തിയ സമാന പ്രസംഗങ്ങളുടെ പേരില്‍ കേസെടുക്കുകയാണെങ്കില്‍ അവര്‍ക്ക് പൊലിസ് സ്റ്റേഷനില്‍ നിന്നോ ജയിലില്‍ നിന്നോ പുറത്തിറങ്ങി പ്രസംഗിക്കാന്‍ സമയം കിട്ടില്ലെന്നുറപ്പാണ്. എന്നിട്ടും നമ്മുടെ നിയമസംവിധാനങ്ങളെ പരിഹസിച്ചും വെല്ലുവിളിച്ചും അവര്‍ വായ്ത്താരി തുടരുകയാണ്.
കേരളീയര്‍ കഴിഞ്ഞ ദശാബ്ദങ്ങളില്‍ കണ്ടു പരിചയിച്ച സംഘ്പരിവാറിന്റെ നിലവാരത്തില്‍ പോലും ഗണിക്കാനാവാത്ത തരം ഹീനമായ വര്‍ഗീയ നിലവാരത്തിലെത്തി നില്‍ക്കുന്ന നേതാവാണ് ശശികല. സംഘ്പരിവാര്‍ രാജ്യത്തു രൂപം കൊണ്ട കാലം മുതല്‍ കേരളത്തിലുമുണ്ട്. കെ.ജി മാരാരപ്പോലെ മാന്യമായി ഹിന്ദുത്വം പ്രചരിപ്പിച്ച കുറേ നേതാക്കളും അതിനുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേട്ടുകേള്‍വിയുള്ള തരം വര്‍ഗീയവിഷ പ്രാസംഗികര്‍ കേരളത്തിന് അന്യമായിരുന്നു. എല്ലാതരത്തിലും ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ജീര്‍ണതകളിലൊന്നായി ശശികലയെ വിലയിരുത്താവുന്നതാണ്. അവരെ പിന്തുണച്ചുകൊണ്ടു രംഗത്തുവരുന്ന കുമ്മനം രാജശേഖരന്‍ അടക്കമുള്ള സംഘനേതാക്കള്‍ ആ യാഥാര്‍ഥ്യത്തിന് അടിവരയിടുകയാണ്.
കേരളത്തിലെ സാമൂഹികാന്തരീക്ഷം ഇത്രയേറെ വഷളാക്കിയതില്‍ മറ്റു വിഭാഗങ്ങളിലെ ചില അവിവേകികളെപ്പോലെ തന്നെ കനത്ത സംഭാവന നല്‍കിയയാളാണ് ശശികല. വര്‍ഷങ്ങള്‍ക്കു മുമ്പു തുടങ്ങിയ വിദ്വേഷപ്രസംഗം അവര്‍ക്ക് നിര്‍ബാധം തുടരാനാവുന്നത് സംസ്ഥാനത്തെ നിയമപാലന സംവിധാനത്തിന്റെ കൊള്ളരുതായ്മ മൂലം തന്നെയാണ്. അവര്‍ നടത്തിയ ഇത്തരം നിരവധി പ്രസംഗങ്ങളുടെ വിഡിയോ നാട്ടുകാരെല്ലാം കണ്ടിട്ടും പൊലിസ് അധികൃതര്‍ കണ്ടിട്ടില്ലെന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതിന്റെ പേരിലൊന്നും നിയമനടപടികള്‍ ഉണ്ടായില്ല. പറയാന്‍ വേണമെങ്കില്‍ സാങ്കേതിക കാരണങ്ങളുണ്ടാവാം. 2006ല്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കഴിഞ്ഞദിവസം കേസെടുത്തതില്‍ നിന്ന് തന്നെ മനസ്സിലാക്കാം നിയമപാലനത്തിന്റെ ചലനവേഗത. ഭരണകൂടം പോലും നിസ്സംഗത പാലിക്കുകയായിരുന്നു അവരുടെ കാര്യത്തില്‍. അതേസമയം മറ്റു ചിലരുടെ കാര്യത്തില്‍ അതിവേഗം തീവ്രനടപടികളുമായി മുന്നേറിയ ഇതേ ഭരണ, പൊലിസ് സംവിധാനങ്ങള്‍ അതുവഴി നാട്ടില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ക്ക് എണ്ണ പകര്‍ന്നിട്ടുമുണ്ട്.
മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഷംസുദ്ദീന്‍ പാലത്തിനെതിരേ യു.എ.പി.എ ചുമത്തിയ കേരള പൊലിസ് തന്നെ കാസര്‍കോട്ട് അതേ കുറ്റം ചെയ്തതിനു ശശികലയുടെ പേരില്‍ കേസെടുത്തത് ഐ.പി.സി 153ാം വകുപ്പു പ്രകാരമാണ്. ജാമ്യമില്ലാ വകുപ്പെന്നൊക്കെയാണ് പറയുന്നതെങ്കിലും സമാന പ്രസംഗങ്ങള്‍ തുടരാന്‍ അവര്‍ക്കത് തടസ്സമായിട്ടില്ല. നിയമപാലനത്തിന് ചില ദിശയിലേക്കു പോകുമ്പോള്‍ കൈവിറയ്ക്കുകയും ചില ദിശകളില്‍ കൈക്കരുത്തേറുകയും ചെയ്യുന്നത് ഇനിയും ശശികലമാര്‍ക്കു വളരാന്‍ വളമാകുമെന്നുറപ്പാണ്. ഏതു കാഴ്ചപ്പാടും ഭയരഹിതമായി തുറന്നു പ്രകടിപ്പിക്കാവുന്ന ഇടമായി തന്നെ കേരളം തുടരേണ്ടതുണ്ട്. അതു സാധ്യമാവണമെങ്കില്‍ വേദങ്ങള്‍ ഉയര്‍ത്തിക്കാട്ടി പറയേണ്ട മതങ്ങളെ ശൂലവും വടിവാളും തോക്കും ബോംബുമെടുത്തു പറയാന്‍ പ്രേരിപ്പിക്കുന്നവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും അവരെ കര്‍ക്കശമായി തന്നെ നേരിടേണ്ടതുണ്ട്. ഇതര വിഭാഗങ്ങള്‍ക്കെന്നപോലെ സ്വന്തം സമൂഹത്തിനും അപകടകാരികളാണ് ഇക്കൂട്ടര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."