ഓണത്തിന് മദ്യം വില്ലനാകാതിരിക്കാന്‍ പൊലിസ് കാവല്‍; ചോര്‍ന്നത് കോടികള്‍
കണ്ണൂര്‍: മദ്യം വില്ലനാകുമെന്നു ഭയന്ന് ആഭ്യന്തര വകുപ്പ് ഓണാഘോഷത്തിന് സുരക്ഷയൊരുക്കിയപ്പോള്‍ ഖജനാവില്‍നിന്നു ചോര്‍ന്നത് കോടികള്‍. ചരിത്രത്തിലാദ്യമായി ഇത്തവണ ഓണാഘോഷത്തിനായി സുരക്ഷയൊരുക്കാന്‍ അധികമായി നിയോഗിച്ചത് 22,000 പൊലിസുകാരെ.
ഒരാള്‍ക്ക് ശരാശരി ആയിരം രൂപ അധിക ചെലവ് കണക്കാക്കിയാല്‍ രണ്ടു കോടിക്ക് മുകളിലാണ് സര്‍ക്കാര്‍ ഓണ സുരക്ഷയ്ക്കായി പൊടിച്ചത്.
മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി മദ്യം ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ സുലഭമായ ഓണാഘോഷമായിരുന്നു ഇത്തവണത്തേത്. അതിനാല്‍ തന്നെ കനത്ത സുരക്ഷയൊരുക്കണമെന്ന് ഡി.ജി.പി തന്നെ ജില്ലാ പൊലിസ് മേധാവികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മദ്യപശല്യത്തെ തുടര്‍ന്ന് ഓണാഘോഷം അലങ്കോലപ്പെട്ടാല്‍ അത് സര്‍ക്കാരിനെ ബാധിക്കുമെന്നതിനാല്‍ അതീവ സുരക്ഷയ്ക്കും നീരീക്ഷണത്തിനുമായിരുന്നു നിര്‍ദേശം.
പരമാവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യം ഒഴിവാക്കി മുന്‍കരുതല്‍ സ്വീകരിക്കാനായിരുന്നു നിര്‍ദേശം. ഇതിനാല്‍ നഗരങ്ങളില്‍ നിലവിലുള്ള കാമറകള്‍ക്ക് പുറമെ അധികമായി നിരീക്ഷണകാമറകള്‍ സ്ഥാപിച്ചു. തിരക്കുള്ള സ്ഥലങ്ങളില്‍ വാച്ചിങ് ടവറുകള്വരെ സ്ഥാപിച്ച് പൊലിസ് നിരീക്ഷണം നടത്തി. ബാറുകള്‍ക്കു സമീപവും സ്ഥിരമായി അക്രമങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലും പൊലിസ് സാന്നിധ്യം ഉറപ്പുവരുത്തി. തിരുവനന്തപുരം സിറ്റിയില്‍ 2290, കൊല്ലം സിറ്റി 938, കൊച്ചി സിറ്റി 1380, തൃശൂര്‍ സിറ്റി 1600, കോഴിക്കോട് സിറ്റി 850 എന്നിങ്ങനെയാണ് പ്രധാനമായും ജില്ലകളില്‍ വിന്യസിപ്പിച്ച അധിക സേനാംഗങ്ങള്‍. കാര്യമായ അനിഷ്ട സംഭവങ്ങളില്ലാതെ ഓണാഘോഷം കടന്നുകൂടാന്‍ പൊലിസിനായി. രണ്ടു കോടി ചെലവിട്ടാലും മലയാളികള്‍ 440 കോടിയുടെ മദ്യം കുടിച്ചു തീര്‍ത്തുവെന്ന ആശ്വാസത്തിലാണ് സര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."