പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യന്‍; ചെന്നിത്തലക്കെതിരേ തുറന്നടിച്ച് കെ. മുരളീധരന്‍
കൊല്ലം: പ്രതിപക്ഷ നേതാവാകാന്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്നും അദ്ദേഹം നേതൃനിരയില്‍ വരണമെന്നത് പ്രവര്‍ത്തകരുടെ വികാരമാണെന്നും കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്‍.
പ്രതിപക്ഷനേതാവ് സ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തലയെ മാറ്റി ഉമ്മന്‍ചാണ്ടിയെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുരളീധരന്റെ അഭിപ്രായപ്രകടനം. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം കുറച്ചുകാലമായി നല്ല രീതിയിലല്ലെന്നും മുരളീധരന്‍ തുറന്നടിച്ചു.
ഇതിനെതിരേ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ വലിയ വികാരമുണ്ട്. ഉമ്മന്‍ചാണ്ടി പ്രതിപക്ഷസ്ഥാനത്തേക്ക് വരണമെന്നാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. പ്രതിപക്ഷ നേതാവാകാന്‍ അദ്ദേഹം ഏറ്റവും യോഗ്യനാണ്.
പ്രതിപക്ഷ സമരങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെപോലുള്ളവര്‍ പ്രതിപക്ഷ നേതാവായി വരണം. അദ്ദേഹം കുറേക്കാലമായി നേതൃനിരയിലേക്ക് വരുന്നില്ല. മറ്റുള്ള പ്രവര്‍ത്തകരെപോലെതന്നെ തനിക്കും ആ വികാരമുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമമായ ചലനങ്ങള്‍ ഉണ്ടാക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെപോലുള്ള നേതാവിന്റെ പ്രവര്‍ത്തനം പ്രതിപക്ഷത്തിന് അത്യാവശ്യമാണ്. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അഭിപ്രായമാണിത്. ഇതിനോട് യു.ഡി.എഫിലെ പല ഘടകകക്ഷികള്‍ക്കും യോജിപ്പാണെന്നും മുരളീധരന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവാകാന്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന എ.എ അസീസിന്റെ പ്രസ്താവന വിവാദമായപ്പോള്‍ അദ്ദേഹം പിന്‍വലിച്ചിരുന്നു. എന്നാല്‍, ഇതേ നിലപാടുമായി കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് തന്നെ രംഗത്തെത്തിയതോടെ പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റം വേണമെന്ന ചര്‍ച്ച സജീവമായിരിക്കുകയാണ്.
അതേസമയം, അസീസിന്റെയും മുരളീധരന്റെയും പ്രസ്താവനകള്‍ ആസൂത്രിതമാണെന്നും അസീസിന്റെ പരാമര്‍ശത്തെ മുരളി തുല്യം ചാര്‍ത്തിയിരിക്കുകയാണെന്നും ചെന്നിത്തല വിഭാഗത്തിലെ ഒരു പ്രമുഖനേതാവ് 'സുപ്രഭാത'ത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."