'ഐ ആം ഗൗരി': ബംഗളൂരുവില്‍ ഇന്ന് പ്രതിഷേധ സംഗമം
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗുളൂരുവില്‍ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധ സംഗമം ഇന്ന് നടക്കും. വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കുന്ന അസഹിഷ്ണുതാ വാദികള്‍ക്കെതിരേ 'ഐ ആം ഗൗരി' എന്ന മുദ്രാവാക്യവുമായാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന റാലിയും പ്രതിരോധ സമ്മേളനവും നടക്കുക.
വിമത ശബ്ദം ഉയര്‍ത്തുന്ന എഴുത്തുകാരെ വധിക്കുന്ന സംഭവങ്ങള്‍ കര്‍ണാടകയില്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് എഴുത്തുകാരേയും സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖരേയും ഉള്‍പ്പെടുത്തിക്കൊണ്ട് റാലിയും പൊതുസമ്മേളനവും നടത്തുന്നത്.
ഇന്ന് രാവിലെ സെന്‍ട്രല്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന പ്രതിരോധ സമ്മേളനത്തിന് മുന്നോടിയായി 10 ന് ബംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റാലി ആരംഭിക്കും. മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ആക്ടിവിസ്റ്റുകള്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുക്കും.
രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതക്കും അക്രമങ്ങള്‍ക്കുമെതിരേ പ്രതിരോധം തീര്‍ക്കുന്നതിനാണ് ഗൗരി ലങ്കേഷിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ഞങ്ങള്‍ക്ക് ആയുധങ്ങളുടെ ആവശ്യമില്ല, ഞങ്ങള്‍ തന്നെയാണ് ആയുധമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."