റയാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൊലപാതകം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും സി.ബി.എസ്.ഇ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കണം
ന്യൂഡല്‍ഹി: ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍, മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍, ഹരിയാന സര്‍ക്കാര്‍ എന്നിവര്‍ക്ക് സുപ്രിം കോടതി നോട്ടിസ് അയച്ചു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മൂന്നാഴ്ചയ്ക്കകം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സി.ബി.എസ്.ഇ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പറയാനുള്ള ഉത്തരവാദിത്തം സി.ബി.എസ്.ഇക്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന്‍ താക്കൂറിന്റെ പിതാവ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. തന്റെ മകന്റെ മരണത്തില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. റയാന്‍ സ്‌കൂളിന് മാത്രമല്ല രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും ബാധമാകുന്ന തരത്തിലാണ് സി.ബി.എസ്.ഇ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കേണ്ടതെന്നും സുപ്രിം കോടതി വ്യക്തമാക്കുന്നു.
അതിനിടയില്‍ കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റയാന്‍ ഗ്രൂപ്പിന്റെ സി.ഇ.ഒ റയാന്‍ പിന്റോയെ ചോദ്യംചെയ്യാനായി ഹരിയാന പൊലിസ് സംഘം മുംബൈയിലെത്തി. റയാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ആസ്ഥാനത്ത്‌വച്ച് അദ്ദേഹത്തെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.
അതേസമയം റയാന്‍ പിന്റോ മുന്‍കൂര്‍ ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കേസ് നാളെ കോടതി പരിഗണിക്കും.
കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് വരുണ്‍ താക്കൂറിന് നീതി ഉറപ്പാക്കാന്‍ ഹരിയാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചു. കേസന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന് വരുണ്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതിനിടയില്‍ റയാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ നോര്‍ത്ത് സോണ്‍ റീജ്യനല്‍ അധ്യക്ഷന്‍ ഫ്രാന്‍സിസ് തോമസ്, എച്ച്. ആര്‍ മേധാവി ജെയിംസ് തോമസ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും സോഹ്നാ കോടതി രണ്ടു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."