ഈജിപ്തില്‍ ഐ.എസ് ആക്രമണം; 18 സൈനികര്‍ കൊല്ലപ്പെട്ടു
കെയ്‌റോ: ഈജിപ്തില്‍ സൈനികവ്യൂഹത്തിനുനേരെ ഐ.എസ് നടത്തിയ ആക്രമണത്തില്‍ 18 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് സീനാ പ്രദേശത്താണ് ഐ.എസ് ഭീകരര്‍ ശക്തമായ ആക്രമണം നടത്തിയത്. സംഭവത്തില്‍ നിരവധി സൈനികര്‍ക്കു പരുക്കേറ്റു.
പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിനു നേരെയാണ് ആക്രമണമുണ്ടായത്. പാതയോരങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് നാല് സൈനിക വാഹനങ്ങള്‍ പൂര്‍ണമായി അഗ്നിക്കിരയായി. സൈന്യത്തിനു ജാഗ്രതാ നിര്‍ദേശങ്ങളും സൂചനകളും നല്‍കാനുള്ള സാമഗ്രികളുമായുള്ള വാഹനവും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഇതിനു പിറകെ പരിസരത്ത് ഒളിച്ചിരുന്ന ഭീകരന്‍ സൈനിക ട്രക്കിനു നേരെയും വെടിയുതിര്‍ത്തു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരില്‍ രണ്ട് ലഫ്റ്റനന്റുകളും ഉള്‍പ്പെടും. ഒരു സൈനിക മേധാവിക്കു ഗുരുതരമായി പരുക്കേറ്റു.
വടക്കന്‍ സീനായില്‍നിന്ന് 30 കി.മീറ്റര്‍ അകലെ പടിഞ്ഞാറു ഭാഗത്താണ് ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തിയത്. ഐ.എസ് ഭീകരരും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ ദീര്‍ഘകാലമായി രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്ന മേഖലയാണിത്. ഐ.എസിന്റെ പ്രാദേശിക ഘടകമാണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഐ.എസ് അഅ്മാഖ് വെബ്‌സൈറ്റിലൂടെ ഏറ്റെടുത്തു. സൈനികര്‍ കൊല്ലപ്പെട്ട വിവരം ഈജിപ്ത് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം രാജ്യത്ത് സൈന്യത്തിനുനേരെ നടന്ന ഏറ്റവും ഭീകരമായ രണ്ടാമത്തെ ആക്രമണമാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ റഫയില്‍ നടന്ന ഭീകരാക്രമണത്തില്‍ 23 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."