ഇര്‍മ അയയുന്നു; ഫ്‌ളോറിഡയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം
മയാമി: ഇര്‍മ നാശംവിതച്ച ഫ്‌ളോറിഡയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. കാറ്റ് ശക്തി കുറഞ്ഞ് സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കു നീങ്ങിയിട്ടുണ്ട്. ചുഴലിക്കാറ്റ് മയാമിയെയും പ്രാന്തപ്രദേശങ്ങളെയും പൂര്‍ണമായി തകര്‍ത്തിരിക്കുകയാണ്.
കാറ്റഗറി അഞ്ചിലും നാലിലുമായി മാറിമാറി വീശിയടിച്ച കാറ്റ് നിലവില്‍ ശാന്ത നിലയിലെത്തിയിട്ടുണ്ട്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലേക്ക് കാറ്റിന്റെ ശക്തി കുറഞ്ഞതായി ദേശീയ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ ഫ്‌ളോറിഡയുടെ തെക്കന്‍ ഭാഗങ്ങളിലാണ് കാറ്റ് കാര്യമായി വീശുന്നത്. തെക്കന്‍ ഫ്‌ളോറിഡയില്‍ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും അനുബന്ധ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ 60 ലക്ഷം വീടുകളും ഇരുട്ടിലാണു കഴിയുന്നത്. ഫ്‌ളോറിഡയുടെ 62 ശതമാനം വരുമിത്. ഫ്‌ളോറിഡ കീസ് ദ്വീപുകളില്‍ കൂടുതല്‍ ജീവഹാനിക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇര്‍മ സംസ്ഥാനത്തുണ്ടാക്കിയ നാശനഷ്ടങ്ങളുടെ തോത് പൂര്‍ണമായും കണക്കാക്കാനായിട്ടില്ല. കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ഇവിടെനിന്ന് 55 ലക്ഷത്തോളം ജനങ്ങളെ നേരത്തേതന്നെ ഒഴിപ്പിച്ചതിനാല്‍ ആള്‍നാശം കുറവാകുമെന്നാണു പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ആകെ നാലുപേര്‍ ദുരന്തത്തിനിരയായി മരിച്ചതായാണു റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കു വീടുകളിലേക്കു തിരിച്ചുവരാന്‍ ഇനിയും മണിക്കൂറുകളെടുക്കുമെന്ന് ഗവര്‍ണര്‍ റിക് സ്‌കോട്ട് അറിയിച്ചു. മയാമിയില്‍ നഗരങ്ങളും പാതകളുമെല്ലാം വെള്ളത്തിനടിയിലാണുള്ളത്.
കരീബിയന്‍ ദ്വീപുകളെ നാമാവശേഷമാക്കിയ ഇര്‍മ ചുഴലിക്കാറ്റ് ഞായറാഴ്ചയാണ് അമേരിക്കയുടെ തെക്കന്‍ തീരങ്ങളിലെത്തിയത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ ദ്വീപുകളില്‍നിന്ന് ഉത്ഭവിച്ച കാറ്റ് കരീബിയന്‍ ദ്വീപുകളില്‍ 37 പേരുടെ ജീവനെടുത്തിരുന്നു. ഫ്രഞ്ച് അധീനതയിലുള്ള വിനോദസഞ്ചാര കേന്ദ്രമായ സെന്റ് മാര്‍ട്ടിന്‍ ദ്വീപിനെയും ബാര്‍ബുഡയെയും ഇര്‍മ നിശ്ശേഷം തകര്‍ത്തിട്ടുണ്ട്.
ഡൊമിനിക് റിപബ്ലിക്, ഹെയ്തി, ബഹാമസ്, ബാര്‍ബുഡ, പ്യൂര്‍ട്ടോറിക്ക തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത നാശംവിതച്ച ശേഷമാണ് ഇര്‍മ ഫ്‌ളോറിഡയിലെത്തിയത്. അമേരിക്കയില്‍ ആഴ്ചകള്‍ക്കു മുന്‍പ് വീശിയടിച്ച ഹാര്‍വിയേക്കാള്‍ അപകടകരമാണ് ഇര്‍മയെന്നാണു വിവരം. 1992ല്‍ ഫ്‌ളോറിഡയില്‍ 56 പേരുടെ ജീവനെടുത്ത ആന്‍ഡ്രൂ ചുഴലിക്കാറ്റിനെക്കാളും ഭീതിജനകമാണ് ഇര്‍മയെന്ന് നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടരക്കോടിയിലേറെയാണ് ഫ്‌ളോറിഡയിലെ ജനസംഖ്യ. ആയിരക്കണക്കിന് മലയാളികളും ഇവിടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."