ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി
മുക്കം: ജനാധിപത്യ രീതിയിലുളള തെരഞ്ഞെടുപ്പ് വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കി കൊടുക്കുന്നതിനും ജനാധിപത്യബോധം വളര്‍ത്തുന്നതിനുമായി കൊടിയത്തൂര്‍ പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി.
വെര്‍ച്ച്വല്‍ വോട്ടിങ് മെഷീന് എന്ന സോഫ്റ്റ് വെയര്‍ മുഖേന ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചാണ് സ്കൂളില്‍ തെരഞ്ഞെടുപ്പ് നടന്നത്.
പൊതു തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു സ്കൂള്‍ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും. നാമനിര്‍ദേശ പത്രിക സമര്‍പ്പണം, സൂക്ഷ്മ പരിശോധന, പത്രിക തള്ളല്‍,പ്രചാരണം എല്ലാം പൊതു തെരഞ്ഞെടുപ്പ് രീതിയില്‍.
വിദ്യാര്‍ഥികള്‍ക്കായി ഐഡന്റിറ്റി കാര്‍ഡുകളും തയാറാക്കിയിരുന്നു. വോട്ടെടുപ്പിനായി പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ്, സെക്കന്റ് പോളിങ് ഓഫിസര്‍ എന്നിവരെയെല്ലാം സജ്ജീകരിച്ചിരുന്നു.
എസ്.പി.സി ,ജെ.ആര്.സി, സ്കൗട്ട് & ഗൈഡ്സ് വിദ്യാര്‍ഥികളാണ് ഇതിന് നേതൃത്വം നല്‍കിയത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 2300ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇവിടെ 43 ഡിവിഷനുകളും ഓരോ മണ്ഡലങ്ങളായി.
ഈ മണ്ഡലങ്ങളിലേക്ക് ഓരോരുത്തരെ വീതം തെരഞ്ഞെടുക്കുകയാണ് ചെയ്തത്. ഈ 43 പേര് ചേര്‍ന്ന് ഉച്ചക്ക് ശേഷം സ്കൂള്‍ ലീഡര്‍,സെപ്യൂട്ടി ലീഡര്‍, സ്പീക്കര്‍ എന്നിവരെ തെരഞ്ഞെടുത്തു.
അമീന് ബാസില്‍ സ്കൂള്‍ ലീഡറും കെ. അന്‍ഷിദ് ഡെപ്യൂട്ടി ലീഡറും ആമിന സലീല സ്പീക്കറുമായി തെരഞ്ഞെടുക്കപ്പെട്ടു. ഷമീര്‍ അഹമ്മദ് ,കെ. ജാസിര്‍,വി.പി നിസാം, ടി.മൊയ്തീന്‍കോയ, ഇ.ടി മജീദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."