രാജ്യാന്തര നിലവാരമുള്ള അഞ്ച് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്‍
കൊച്ചി: ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ രാജ്യത്തെ അഞ്ച് കേന്ദ്രങ്ങളില്‍ പരീശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഹിമാന്ത ബിശ്വ ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിനായി എട്ട് ഏക്കര്‍ സ്ഥലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്തയക്കും. കൂടുതല്‍ താത്പര്യം കാണിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ അസോസിയേഷന്‍ സ്വന്തമായി പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും. അടുത്ത ജനുവരിയില്‍ ചേരുന്ന വാര്‍ഷിക പൊതുയോഗത്തില്‍ സെന്റര്‍ തുടങ്ങുന്ന അഞ്ച് സ്ഥലങ്ങള്‍ അന്തിമമായി തിരഞ്ഞെടുക്കും.
നിലവില്‍ രാജ്യത്ത് ഒരിടത്തും അസോസിയേഷന് സ്വന്തമായി പരിശീലന കേന്ദ്രങ്ങളില്ല. രാജ്യാന്തര നിലവാരത്തിലായിരിക്കും പരിശീലന കേന്ദ്രങ്ങളുടെ നിര്‍മാണം. താരങ്ങള്‍ക്ക് അത്യാധുനിക രീതിയിലുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കും. വിദേശ, സ്വദേശ കോച്ചുമാരുടെ സേവനവും ഉറപ്പ് വരുത്തും.
സീനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പുകള്‍ ഈ വര്‍ഷം മുതല്‍ കൂടുതല്‍ പ്രാധാന്യത്തോടെ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നാഗ്പൂരില്‍ നടക്കുന്ന ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ പ്രമുഖ താരങ്ങളുടെയെല്ലാം പങ്കാളിത്തം ഉറപ്പ് വരുത്തും. നിലവില്‍ റാങ്കിങില്‍ മുന്നിലുള്ള താരങ്ങളുടെ പങ്കാളിത്തമില്ലാതെയാണ് സീനിയര്‍ ചാംപ്യന്‍ഷിപ്പുകള്‍ അരങ്ങേറുന്നത്. സൈന നെഹ്‌വാള്‍ 2010ന് ശേഷം ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടില്ല, പി.വി സിന്ധു കഴിഞ്ഞ അഞ്ച് വര്‍ഷമായി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയാണ്. പരുക്കുകളടക്കമുള്ള കാരണങ്ങള്‍ കൊണ്ടാണ് താരങ്ങള്‍ വിട്ടുനില്‍ക്കുന്നത്. ഈ വര്‍ഷം ഇതിന് മാറ്റം വരും. ഇക്കാര്യം താരങ്ങളുമായി ചര്‍ച്ച ചെയ്തു.
അന്താരാഷ്ട്ര നിലവാരത്തില്‍ സമയബന്ധിതമായി തന്നെ ദേശീയ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കണമെന്ന് താരങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് നടപ്പില്‍ വരുത്താമെന്ന് അസോസിയേഷന്‍ താരങ്ങള്‍ക്ക് ഉറപ്പും നല്‍കിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിന്ധുവും സൈനയും അടക്കമുള്ള പ്രമുഖ താരങ്ങളുടെ പങ്കാളിത്തം വഴി ദേശീയ ചാമ്പ്യന്‍ഷിപ്പിന് കൂടുതല്‍ ശ്രദ്ധ ലഭിക്കും. ഇതുവഴി കിട്ടുന്ന ടിവി സംപ്രേക്ഷണാവകശത്തിലൂടെയും പരസ്യ വരുമാനത്തിലൂടെയും അധിക തുക കണ്ടെത്തും.
ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പിന്റെ പ്രൈസ് മണി ഈ വര്‍ഷം മുതല്‍ ഒരു കോടിയായി ഉയര്‍ത്തും. ജൂനിയര്‍ താരങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി മൂന്ന് മാസത്തിനകം തുടങ്ങും. ഇത്തവണ സായിയുടെ സഹകരണത്തോടെ രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന നാല് ദേശീയ ജൂനിയര്‍ ക്യാംപുകളില്‍ ഒന്ന് കൊച്ചിയില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."