ഗൊരക്പൂര്‍ ദുരന്തം: അനസ്‌തേഷ്യ വിഭാഗം മേധാവി കോടതിക്ക് മുന്‍പാകെ കീഴടങ്ങി
ഗൊരക്പൂര്‍: ഗൊരക്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ കുട്ടികളുടെ കൂട്ടമരണത്തെത്തുടര്‍ന്ന് ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം മേധാവി കോടതിക്ക് മുന്‍പാകെ കീഴടങ്ങി. അനസ്‌തേഷ്യ മേധാവി ഡോ. സതീഷ് കുമാര്‍ ആണ് ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ തിങ്കളാഴ്ച കോടതിക്ക് മുന്‍പാകെ ഹജരായത്.
തുടര്‍ന്ന് കോടതി അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഗൊരക്പൂര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്റെയും മരുന്നിന്റെയും അഭാവം മൂലം നാനൂറിലധികം കുട്ടികള്‍ മരിച്ച സംഭവത്തിലെ പ്രതിപ്പട്ടികയിലുള്ളയാളാണ് ഡോ. സതീഷ്.
കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. സതീഷിന്റെ അറസ്റ്റിന് നേരത്തെ അലഹബാദ് ഹൈക്കോടതി സ്‌റ്റേ നല്‍കിയിരുന്നു.
മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാതെ കഴിഞ്ഞ ഓഗസ്റ്റ് വരെ 415ഓളം കുട്ടികളാണ് ഗൊരക്പൂരില്‍ ദാരുണമായി മരിച്ചത്.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്ര അടക്കം ഒന്‍പത് പോര്‍ക്കെതിരേയാണ് കേസില്‍ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
ആശുപത്രിയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്തിരുന്ന പുഷ്പ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് കുടിശ്ശിക നല്‍കാത്തതിനെത്തുടര്‍ന്നാണ് കമ്പനി ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തിവച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."