ഒടിഞ്ഞു തൂങ്ങിയ ആല്‍മരക്കൊമ്പ് ഭീഷണി ഉയര്‍ത്തുന്നു
പേരാമ്പ്ര: പൈതോത്ത് റോഡ് ജങ്ഷനില്‍ ഒടിഞ്ഞു തൂങ്ങിയ ആല്‍മര ശിഖരം വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. പട്ടണ മധ്യത്തിലായി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ആല്‍മരത്തിന്റെ വലിയകൊമ്പ് പൊട്ടിവീണിട്ട് രണ്ടാഴ്ചയിലധികമായി. ചില്ലകളുടെയും ഇലയുടെയും ഭാരം മൂലം ഉച്ച സമയത്ത് തനിയെ പൊട്ടിവീണ ശിഖരം മരത്തിനു സമീപത്തുകൂടെ കടന്നുപോവുന്ന ഹൈടെന്‍ഷന്‍ വൈദ്യുത ലൈനിലും പതിച്ചിരുന്നു.
വൈദ്യുതി വകുപ്പ് അധികൃതരെത്തി ലൈനിലെ തടസം മാത്രം നീക്കം ചെയ്തതല്ലാതെ ശിഖരം മുറിച്ച് മാറ്റാന്‍ തയാറായില്ല. പേരാമ്പ്രയില്‍ നിന്ന് പൈതോത്ത്, കിഴക്കന്‍ പേരാമ്പ്ര, വളയംകണ്ടം, തണ്ടോറപ്പാറ, ആശാരിമുക്ക് ഭാഗങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ ഈ മരത്തിന്റെ ചുവട്ടില്‍ നിന്നാണ് ആളെ കയറ്റുന്നതും ഇറക്കുന്നതും.
കെ.എസ്.ഇ.ബി ഓഫിസ്, കാര്‍ഷിക വിപണ കേന്ദ്രം, കണ്ണാശുപത്രി, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാല്‍നടയായി പോവുന്ന ജനങ്ങള്‍ക്കും ഇത് ഭീഷണിയുയര്‍ത്തുന്നു. ഏതു സമയത്തും നിലം പതിക്കാവുന്ന അവസ്ഥയിലുള്ള ഈ ശിഖരം നീക്കം ചെയ്യാത്ത അധികൃതരുടെ നടപടിയില്‍ യാത്രക്കാരും കച്ചവടക്കാരും ഡ്രൈവര്‍മാരും ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."