നാദാപുരത്ത് പേപ്പട്ടിയുടെ പരാക്രമം: 22 പേര്‍ക്കു കടിയേറ്റു
നാദാപുരം: ഇന്നലെ രാവിലെ മുതല്‍ വൈകിട്ടു വരെ നാദാപുരത്തും പരിസരത്തും പേപ്പട്ടിയുടെ പരാക്രമത്തില്‍ 22 പേര്‍ക്ക് കടിയേറ്റു. നാദാപുരം, കക്കംവെള്ളി എന്നിവിടങ്ങളില്‍ ജോലിക്കും വിവിധ ആവശ്യങ്ങള്‍ക്കും പോകുന്നവരെയാണ് തെരുവുനായ ആക്രമിച്ചത്. രാവിലെ എട്ടിനാണ് ആദ്യ സംഭവം. തുടര്‍ന്നു വൈകിട്ട് മൂന്നു വരെ വിവിധ സ്ഥലങ്ങളില്‍ വച്ച് മറ്റുള്ളവര്‍ക്കും നായയുടെ കടിയേറ്റു.
സാരമായി പരുക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ തലശ്ശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയ്യങ്കോട്ടെ തയ്യുള്ളതില്‍ പീടികയില്‍ കല്യാണി (85), പീറ്റപ്പൊയില്‍ ചിരുത (60) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നാദാപുരത്തെ അരയാക്കൂല്‍ താഴക്കുനി ശ്രീജ, പുതിയവീട്ടില്‍ ജിതേഷ്, കണിയാങ്കണ്ടിയില്‍ സജീവന്‍, പാലൊളി അശോകന്‍, ചാലപ്പുറം സ്വദേശി ചമ്പക്കാട്ടില്‍ ബാലകൃഷ്ണന്‍, കോടഞ്ചേരിയിലെ മീത്തലെ കോമത്ത് കുമാരന്‍, ഇയ്യങ്കോട്ടെ കുന്നോത്ത് താഴക്കുനി ജാനു, ചട്ടീന്റവിട ചീരു, ഇതരസംസ്ഥാന തൊഴിലാളികളായ ജഹാംഗീര്‍, നിഹാര്‍, അത്‌വാന്‍, സെയിന്‍, ഷേര്‍സണ്‍, ലക്ഷ്മണ്‍, വട്ടോളി സ്വദേശി നെല്ലിയുള്ളപറമ്പത്ത് രാജന്‍, കൊയിലാണ്ടി സ്വദേശി ഷാരോണ്‍, വലിയപറമ്പത്ത് റാബിയ, നന്ദു പാറശ്ശേരി മീത്തല്‍ എന്നിവരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവവേശിപ്പിച്ചു. താലൂക്ക് ആശുപത്രിക്കു സമീപം കച്ചവടം നടത്തുന്ന വിഷ്ണുമംഗലം സ്വദേശി പെച്ചത്തോളി ബാലനെ കടയില്‍ കയറിയാണ് നായ കടിച്ചു പരുക്കേല്‍പ്പിച്ചത്.
നായയുടെ കടിയേറ്റവരെ ആദ്യം നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുത്തിവയ്പിനാവശ്യമായ വാക്‌സിന്‍ ലഭിക്കാത്തത് പ്രയാസം സൃഷ്ടിച്ചു. ഇതേതുടര്‍ന്നാണ് ഇവരെ മറ്റു ആശുപത്രികളിലേക്കു മാറ്റിയത്. പേബാധ ഉണ്ടെന്നു സംശയിക്കുന്ന നായ ഓടി മറഞ്ഞതിനാല്‍ നാട്ടുകാര്‍ കൂടുതല്‍ ഭീതിയിലാണ്.
തെരുവുനായയുടെ ശല്യം രൂക്ഷമായ നാദാപുരത്ത് ഇവയെ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് നിരവധി തവണ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വന്ധ്യംകരണ നടപടികള്‍ സ്വീകരിക്കാനോ സുരക്ഷാ ഒരുക്കാനോ തയാറാകാത്തതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്.
ഇരുള്‍ വീഴുന്നതോടെ നാദാപുരം, കല്ലാച്ചി ടൗണുകള്‍ തെരുവനായ്ക്കളെ കൊണ്ടു നിറയുകയാണ്. കടകള്‍ അടച്ച് ആളുകള്‍ ഒഴിയുന്നതോടെ ഇവയുടെ വിളയാട്ടം അസഹ്യമാകും. ദൂരസ്ഥലങ്ങളില്‍ പോയി രാത്രി വൈകി ടൗണുകളില്‍ തിരിച്ചെത്തുന്നവര്‍ പലപ്പോഴും ഇവയുടെ ആക്രമണത്തില്‍നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."