ട്രൈബല്‍ വാച്ചര്‍മാര്‍ക്കു ബീറ്റ് ഫോറസ്റ്റ് ഓഫിസറാകാം
കല്‍പ്പറ്റ: തസ്തികമാറ്റം വഴിയുള്ള നിയമനത്തില്‍ വനം വകുപ്പിലെ ട്രൈബല്‍ വാച്ചര്‍മാര്‍ക്കു മുന്നിലെ തടസം നീങ്ങി. ട്രൈബല്‍ വാച്ചര്‍ തസ്തിക റിസര്‍വ് വാച്ചര്‍-ഡിപ്പോ വാച്ചര്‍ തസ്തികയ്ക്ക് തുല്യമാക്കി സര്‍ക്കാര്‍ ഉത്തരവായതോടെയാണിത്.
വനം വകുപ്പിനെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ നിയമിച്ചവരാണ് ട്രൈബല്‍ വാച്ചര്‍മാര്‍.
700 തസ്തികകള്‍ സൃഷ്ടിച്ച് വനത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്കാണ് ട്രൈബല്‍ വാച്ചര്‍ നിയമനം നല്‍കിയത്. ഇത്തരത്തില്‍ ജോലി ലഭിച്ചവരില്‍ ചിലര്‍ തസ്തികമാറ്റത്തിലൂടെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ നിയമനത്തിനു അപേക്ഷിച്ചെങ്കിലും സ്‌പെഷല്‍ റൂളിലെ അവ്യക്തതമൂലം ഫലം തടഞ്ഞുവച്ചു.
നിലവില്‍ വനം വകുപ്പിലെ നിയമന വ്യവസ്ഥകളില്‍ ട്രൈബല്‍ വാച്ചര്‍ തസ്തികയെക്കുറിച്ച് പറയുന്നില്ല. എന്നിരിക്കെ തസ്തിക വനം വകുപ്പിലെ റിസര്‍വ് വാച്ചര്‍ തസ്തികക്ക് തുല്യമാക്കിയും ലാസ്റ്റ് ഗ്രേഡ് സര്‍വിസില്‍ ഉള്‍പ്പെടുത്തിയും ഉത്തരവ് ഉണ്ടെങ്കില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പബ്ലിക് സര്‍വിസ് കമ്മീഷന്‍ സെക്രട്ടറി സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു. ഇത് പരിശോധിച്ച സര്‍ക്കാര്‍ ട്രൈബല്‍ വാച്ചര്‍ തസ്തിക റിസര്‍വ് വാച്ചര്‍-ഡിപ്പോ വാച്ചര്‍ തസ്തികയ്ക്ക് തുല്യമാക്കി ഉത്തരവ് ഇറക്കുകയായിരുന്നു.
വനം വകുപ്പില്‍ മുന്‍പ് എട്ട് മുതുവാന്‍ വാച്ചര്‍മാരെ നിയമിച്ച അതേ രീതിയിലാണ് 700 ട്രൈബല്‍ വാച്ചര്‍മാര്‍ക്ക് ജോലി നല്‍കിയത്. ഈ നിയമനം സൂപ്പര്‍ ന്യൂമററി തസ്തികയില്‍ ആയിരുന്നില്ല. വകുപ്പിലെ മറ്റു വാച്ചര്‍മാരുടെ അതേ ജോലിയാണ് ട്രൈബല്‍ വാച്ചര്‍മാരും ചെയ്യുന്നത്. ശമ്പള സ്‌കെയിലിലും മാറ്റമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."