കോടികള്‍ മുടക്കി നിര്‍മിച്ച ശുദ്ധജല വിതരണ പദ്ധതി യാഥാര്‍ഥ്യമായില്ല
മാനന്തവാടി: ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യാനായി ആരംഭിച്ച പദ്ധതി കരാറുകാരന്റെ അനാസ്ഥകാരണം ഇനിയും പ്രവര്‍ത്തന സജ്ജമായില്ല.
മാനന്തവാടി, എടവക, നല്ലുര്‍നാട് വില്ലേജുകളില്‍ ശുചീകരിച്ച ശുദ്ധജല വിതരണത്തിനായാണ് കേരള ജലവിഭവ വകുപ്പ് നബാര്‍ഡ് ധനസഹായത്തോടെ പദ്ധതിക്ക് തുടക്കം കുറിച്ചത്. മാനന്തവാടി പഞ്ചായത്ത് ചൂട്ടക്കടവില്‍ വിട്ടുനല്‍കിയ സ്ഥ ലത്താണ് 2013ല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഏകദേശം 22 കോടിയോളം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പ്രതിദിന ശുദ്ധീകരണ ശേഷി 10 ദശലക്ഷം ലിറ്ററിന്റെയും ഭൂതലസംഭരണി ഏഴ് ലക്ഷം ലിറ്ററിന്റെയുമാണ്. പ്രതിദിനം ഈ യുനിറ്റില്‍ നിന്നും 10 ദശലക്ഷം ലിറ്റര്‍ വെള്ളം ശുചീകരിച്ചെടുക്കാന്‍ കഴിയും എന്നതാണ് യൂനിറ്റിന്റെ പ്രത്യേകത. യൂനിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞു. ഇതിനോട് അനുബന്ധിച്ച് ജില്ലാ ആശുപത്രിയില്‍ 16 ലക്ഷം ലിറ്ററിന്റെയും, എടവകയില്‍ ഏഴ് ലക്ഷം ലിറ്ററിന്റയും, നല്ലൂര്‍നാട് നാലുലക്ഷം ലിറ്ററിന്റെയും ടാങ്ക് സ്ഥപിക്കുകയും ചെയ്തു.
21 കിലോമീറ്റര്‍ ചുറ്റളവില്‍ പൈപ്പുകളുമിട്ടു. എന്നാല്‍ മോട്ടോറുകള്‍ സ്ഥാപിക്കുന്നതിനുള്ള കാലതാമസമാണ് പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകാന്‍ വൈകുന്നതെന്നാണ് പറയപ്പെടുന്നത്. കുടിവെള്ളക്ഷാമം ഏറെ രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കബനി പുഴയില്‍ നിന്നുള്ള വെള്ളം പമ്പ് ചെയ്ത് പ്ലാന്റില്‍ വച്ച് ശുചീകരിച്ച് അനേകം പേര്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായുള്ള പദ്ധതിയാണ് നിസാര കാരണങ്ങളുടെ പേരില്‍ വൈകുന്നത്.
ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മോട്ടോറുകള്‍ സ്ഥാപിക്കാത്തത് കാരണം വൈദ്യുതീകരണവും ആയിട്ടില്ല. അതെസമയം പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ച് ഡിസംബര്‍ മാസത്തോടെ പ്ലാന്റ് കമ്മിഷന്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രതീഷിക്കുന്നതായി പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ജലവിഭവ വകുപ്പ് കോഴിക്കോട് പ്രൊജക്ട് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."