പ്രപഞ്ച നിഗൂഢതകള്‍ തേടി ഡിജിറ്റല്‍ പ്ലാനറ്റോറിയം പ്രദര്‍ശനം
കോഴിക്കോട്: ഒരു നക്ഷത്രം ജന്മമെടുക്കുന്നതെങ്ങനെ?, നമുക്ക് കേട്ടുപരിചയം മാത്രമുള്ള നെബുലകള്‍, വെള്ളക്കുള്ളന്‍, തമോഗര്‍ത്തം തുടങ്ങിയ നക്ഷത്രങ്ങളുടെ ജീവിത ഘട്ടങ്ങള്‍, വ്യാഴവും ഉപഗ്രഹങ്ങളും, സൂര്യനും പ്രത്യേകതകളും തുടങ്ങിയ പ്രപഞ്ച നിഗൂഢതകള്‍ തേടി മേഖലാ ശാസ്ത്ര കേന്ദ്രത്തിലെ ഡിജിറ്റല്‍ പ്ലാനറ്റോറിയം പ്രദര്‍ശനം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഭൂമിയില്‍ നിന്ന് പ്രപഞ്ചത്തിലേക്ക് എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം തയാറാക്കിയിരിക്കുന്നത്. ബഹിരാകാശ രഹസ്യങ്ങളുടെ മറനീക്കാന്‍ സഹായിക്കുന്നതാണ് പ്രദര്‍ശനം.
കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന ഗവണ്‍മെന്റ്, എയ്ഡഡ് എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ് പ്രദര്‍ശനത്തിനെത്തിയത്. പ്രദര്‍ശനം എന്‍.ഐ.ടി ഡയറക്ടര്‍ ഡോ. ശിവജി ചക്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നഗരസഭ പബ്ലിക് വര്‍ക്ക് ചെയര്‍പേഴ്‌സണ്‍ ടി.വി ലളിതപ്രഭ മുഖ്യാതിഥിയായി. കോര്‍പറേഷന്‍ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷനായ ചടങ്ങില്‍ മേഖലാ ശാസ്ത്ര കേന്ദ്രം ഡയറക്ടര്‍ വി.എസ് രാമചന്ദ്രന്‍, കെ.എം സുനില്‍ സംസാരിച്ചു. പ്രദര്‍ശനത്തിനു ശേഷം വിവിധ വിഷയങ്ങളില്‍ ഡോ.പി.കെ ബാലകൃഷ്ണന്‍, ഡോ.കെ.പി അരവിന്ദന്‍ എന്നിവര്‍ ക്ലാസെടുത്തു. കോര്‍പറേഷന്‍ പരിധിയിലെ 10,000 വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പ്ലാനിറ്റോറിയം സന്ദര്‍ശിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."