വാഹന യാത്രക്കാരെ വട്ടംകറക്കി കലക്ടറേറ്റ് സിഗ്‌നല്‍ ജങ്ഷനിലെ ട്രാഫിക് പരിഷ്‌കാരം
കാക്കനാട്: കഴിഞ്ഞ ദിവസം മുതല്‍ കലക്ടറേറ്റ് സിഗ്‌നല്‍ ജങ്ഷനില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കാരം വാഹന യാത്രക്കാരെ വട്ടം കറക്കുന്നു. സീപോര്‍ട്ട് റോഡില്‍ കലക്ടറേറ്റ് സിഗ്‌നല്‍ ജങ്ഷനില്‍ വാഹനങ്ങളുടെ കിഴക്കോട്ടുള്ള (ഇന്‍ഫോപാര്‍ക്ക് ഭാഗത്തേക്ക്) പ്രവേശനം ഒഴിവാക്കി പകരം ഇടത്തോട്ട് (ഫ്രീ ലെഫ്റ്റ്) തിരിഞ്ഞു കലക്ടറേറ്റിന്റെ വടക്കുവശത്തെത്തി യുടേണ്‍ എടുത്ത് പോകാനുള്ള സൗകര്യമാണ് വാഹന യാത്രക്കാര്‍ക്ക് തലവേദനയാകുന്നത്. പുതിയ പരിഷ്‌കാരം അനുസരിച്ച് പാലാരിവട്ടത്ത് നിന്നും ഇന്‍ഫോപാര്‍ക്കിലേക്കു പോകുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ സിഗ്‌നല്‍ ജങ്ഷനില്‍ നിന്ന് നേരിട്ട് ഇന്‍ഫോപാര്‍ക്കിലേക്കും അതുപോലെ ചിറ്റേത്തുകര വ്യവസായ മേഖലയിലേക്കും തിരിഞ്ഞു പോകാന്‍ സാധിക്കില്ല.
ഈ വാഹനങ്ങള്‍ എല്ലാം കലക്ടറേറ്റിന്റെ വടക്കു ഭാഗത്തെത്തി യുടേണ്‍ തിരിഞ്ഞ് വേണം ഇന്‍ഫോപാര്‍ക്കിലേക്കും, ചിറ്റേത്തുകരയിലേക്കും പോകാന്‍.
കഴിഞ്ഞ ദിവസമാണ് ട്രാഫിക് പോലീസ് പുതിയ പരിഷ്‌കാരവുമായി രംഗത്തെത്തിയത്. ഇന്നലെ തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകാന്‍ യുടേണ്‍ എടുക്കേണ്ടിവന്ന പൊലിസ് ബസ് വളച്ചെടുക്കാന്‍ വളരെയധികം ബുദ്ധിമുട്ടി. ഇത് ഏറെ നേരം ഗതാഗത തടസത്തിന് കാരണമായി.
ഇന്നലെ കലക്ടറേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിച്ചപ്പോഴാണ് യഥാര്‍ഥ ഗതാഗതകുരുക്ക് അറിയാന്‍ കഴിഞ്ഞത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡില്‍ പുതിയ പരിഷ്‌കാരംമൂലം ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ഇന്‍ഫോപാര്‍ക്കിലേക്ക് അധികവും ലോറികളും ട്രക്കുകളുമാണ് പോകുന്നത്. ഇത്തരം വാഹനങ്ങള്‍ നേരിട്ട് സിഗ്‌നല്‍ പ്രവേശിക്കാതെ യുടേണ്‍ എടുക്കേണ്ടിവരുന്നത് കൂടുതല്‍ ഗതാഗതക്കുരുക്കിന് കാരണമായേക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനിടെ കലക്ടറേറ്റിലേക്ക് പോകാന്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് മുറിച്ചുകടക്കാനും കാല്‍നടയാത്രക്കാര്‍ ഏറെ പണിപ്പെടേണ്ട അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."