ബി.ജെ.പി നേതാവിന് നേരെയുള്ള വധശ്രമ കേസ്; ബി.ജെ.പിക്കെതിരേ ആര്‍.എസ്.എസ് രംഗത്ത്
കൊയിലാണ്ടി: സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ വധശ്രമ കേസ് വന്‍തുക നഷ്ടപരിഹാരമായി വാങ്ങി ഒത്ത് തീര്‍ക്കാനുള്ള ബി.ജെ.പി നേതാവിന്റെ നീക്കത്തിനെതിരേ ആര്‍.എസ്.എസ് പ്രതിഷേധവുമായി രംഗത്ത്.
2011 ഓഗസ്റ്റ് 26 ന് ബി.ജെ.പി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ടി.കെ പത്മനാഭനെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് സി.പി.എം ബി.ജെ.പി നേതൃത്വം രഹസ്യനീക്കത്തിലൂടെ ഒത്ത് തീര്‍ക്കാന്‍ ശ്രമിക്കുന്നതാണ് ആര്‍.എസ്.എസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ആറേകാല്‍ ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം.
സംഭവത്തിനെതിരേ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷ വിമര്‍ശനമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നത്.
ബി.ജെ.പി ജില്ലാ നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ നഷ്ടപരിഹാരം വാങ്ങി രക്ഷപ്പെടുത്താനുള്ള ബി.ജെ.പി നേതാക്കളുടെ നീക്കത്തില്‍ കൊയിലാണ്ടിയിലെ ബി.ജെ.പി- ആര്‍.എസ്.എസ് നേതൃത്വം രണ്ട് തട്ടിലായത്. സി.പി.എം പ്രവര്‍ത്തകനായ സതനീതിനെ കൊയിലാണ്ടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് വച്ച് വെട്ടിപരുക്കേല്‍പിച്ചതിനെ തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ബി.ജെ.പി നേതാവായ പത്മനാഭന് വെട്ടേല്‍ക്കുന്നത്.
ഈ പ്രതികളെ സി.പി.എം നേതാക്കളുമായി ഒത്തുതീര്‍പ്പ് ഗൂഡാലോചന നടത്തി സംരക്ഷിക്കുന്ന ബി.ജെ.പി നേതൃത്വത്തിലെ ചില നേതാക്കളുടെ നീക്കത്തിനെതിരേ ആര്‍.എസ്.എസ് ശക്തമായ പ്രതിഷേധവുമായാണ് രംഗത്ത് വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."