ജില്ലയില്‍ ഡിഫ്തീരിയ ബാധിതരുടെ എണ്ണം നൂറു കവിഞ്ഞു സ്വന്തം ലേഖിക
കോഴിക്കോട്: ജില്ലയില്‍ ഡിഫ്തീരിയ ബാധിതരുടെ എണ്ണം നൂറു കവിഞ്ഞു. ഇതില്‍ 60 ശതമാനവും കുട്ടികളാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നടത്തിയ പ്രതിരോധ പരിപാടിയിലൂടെ 17,000 ത്തിലധികം കുട്ടികള്‍ പ്രതിരോധ കുത്തിവയ്പെടുത്തു.
മുന്‍പ് പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരും ഭാഗികമായി കുത്തിവയ്പെടുത്തവരും ഇക്കൂട്ടത്തിലുണ്ട്. അഞ്ചു വയസ്സിനു മുന്‍പ് നല്‍കേണ്ട പ്രാഥമിക കുത്തിവയ്പാണ് ആദ്യഘട്ടത്തില്‍ കുട്ടികള്‍ക്ക് നല്‍കിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു കുത്തിവയ്പ്. ജില്ലയിലെ 430 സ്കൂളുകളില്‍ നിന്നായി 10 മുതല്‍ 17 വയസ്സുവരെയുള്ള രണ്ടര ലക്ഷം കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
തീരെ കുത്തിവയ്പ് ലഭിക്കാത്തവരും ഭാഗികമായി മാത്രം ലഭിച്ചവരുമായ 16 വയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ് ലഭ്യമാക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളില്‍ എത്തും. ഏഴ് വയസില്‍ താഴെയുള്ളവര്‍ക്ക് സാധാരണ നല്കുന്ന പ്രതിരോധ കുത്തിവയ്പും ഏഴ് മുതല്‍ 16 വരെയുള്ളവര്‍ക്ക് ടി.ഡി വാക്സിനുമാണ് നല്‍കുന്നത്.
ഇതു കൂടാതെ രോഗികളുമായി നേരിട്ട് ഇടപഴകേണ്ടി വരുന്ന രോഗിയുടെ ബന്ധുക്കള്‍, പരിചരിക്കുന്നവര്‍, അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രതിരോധ കുത്തിവയ്പുകളും മരുന്നും നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."