ജീവനക്കാര്‍ക്കുള്ള ശമ്പളം കണ്ടെത്താനാവുന്നില്ല: തുറവൂര്‍ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
തുറവൂര്‍: തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് പ്രതിസന്ധിയിലായി. അരൂരിലെ വ്യവസായ പ്രമുഖരായ സഹോദരന്മാരാണ് ഡയാലിസിസ് യൂനിറ്റ് നല്‍കിയത്. അഞ്ച് യന്ത്രങ്ങളും ആര്‍.ഒ പ്ലാന്റുമുള്‍പ്പെടെയുള്ള യൂനിറ്റാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ ഓഫിസറുടെ മേല്‍നോട്ടത്തില്‍ രണ്ട് ടെക്‌നീഷ്യന്മാരുണ്ട്. ഇവര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.
40,000 രൂപയാണു ഒരോ മാസവും ഇവര്‍ക്ക് ശമ്പളയിനത്തില്‍ നല്‍കേണ്ടിവരുന്നത്. ഈ തുക വ്യക്തികളും സ്ഥാപനങ്ങളുമാണ് നല്‍കി വരുന്നത്.
ഇതില്‍ തടസം നേരിട്ടതോടെ കഴിഞ്ഞമാസം ശമ്പളം നല്‍കാന്‍ അധികൃതര്‍ വലഞ്ഞു. തന്റെ ഓണറേറിയം ഉള്‍പ്പടെ കുത്തിയതോട് പഞ്ചായത്തംഗം എം.കെ.അബ്ദുള്‍ ഗഫൂര്‍ ഹാജി പലരില്‍ നിന്നായി സ്വരുപിച്ച പണമാണ് ശമ്പളമായി നല്‍കിയത്.
രോഗിയുടെ ശരീരത്തില്‍ നിന്ന് യന്ത്രസഹായത്താല്‍ രക്തം ഊറ്റി ശുദ്ധികരിച്ച് ശരീരത്തില്‍ തിരികെ കയറ്റുന്ന അഞ്ച് യന്ത്രങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പ്രവര്‍ത്തിക്കുന്ന യൂണിറ്റില്‍ അഞ്ച് രോഗികള്‍ക്കാണ് ഒരു ദിവസം രക്തം ശുദ്ധികരിച്ച് കയറ്റാന്‍ കഴിയുന്നത്.
നാലാദിവസമാകുമ്പോള്‍ ആദ്യ ദിവസം ഡയാലിസിസ് ചെയ്ത രോഗിക്ക് വീണ്ടും ചെയ്യാന്‍ സമയമാകും. അതിനാല്‍ പരമാവധി 15 പേര്‍ക്കാണു നിലവില്‍ യൂണിറ്റിന്റെ പ്രയോജനം ലഭിക്കുന്നത്.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍ എന്നി ഏഴ് പഞ്ചായത്തുകളില്‍ നിന്നായി പതിനായിരം രൂപ വീതം ഏല്ലാ മാസവും യൂണിറ്റിന് നല്‍കാന്‍ നിര്‍ദേശിക്കുന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ടു. ഇത് പ്രാവര്‍ത്തികമാക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധിക്കു് പരിഹാരമാകുമെന്നു എ.എം.ആരീഫ് എം.എല്‍.എ.പറഞ്ഞു. ഇതിനുള്ള സ്ഥിരം സംവിധാനമായി താഴെ പറയുന്നവ നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാവശ്യം ശക്തമാകുന്നു.
നെഫ്രോളജിസ്റ്റിനെ നിയമിക്കണം, പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായി വരുന്ന തുക ഒരു വര്‍ഷത്തേക്ക് മുന്‍കൂട്ടി അക്കൗണ്ടില്‍ നിക്ഷേപിക്കണം.
യൂനിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം പ്രത്യേക ഹൈപ്പവര്‍ കമ്മിറ്റി രൂപവല്‍ക്കരിക്കണം, മാസത്തില്‍ രണ്ട് തവണ കമ്മിറ്റി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം.
രണ്ട് ടെക്‌നിഷ്യന്മാരെ കൂടി നിയമിക്കണം എന്നിവയാണ് നടപ്പിലാക്കേണ്ടത്. മുഴുവന്‍ സമയം പ്രവര്‍ത്തനം നടത്തിയാല്‍ 30 പേര്‍ക്ക് പ്രയോജനം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."