ഓണക്കാല സര്‍വിസുകള്‍: കെ.എസ്.ആര്‍.ടി.സിക്ക് വമ്പന്‍ കളക്ഷന്‍
കോട്ടയം: ഓണക്കാല സര്‍വിസുകള്‍ ലാഭകരമാക്കി കെ.എസ്.ആര്‍.ടി.സി. കോട്ടയം ഡിപ്പോ. സംസ്ഥാനത്തെതന്നെ മികച്ച കളക്ഷന്‍ പ്രകടനത്തോടെ മുന്‍പന്തിയില്‍ എത്തിയിക്കുന്നു ഡിപ്പോ.
ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ ശരാശരി 14 ലക്ഷം രൂപയോടെയാണു കോട്ടയം മിന്നുന്ന പ്രകടനം കാഴ്ചവച്ചത്. തിരക്കു പരിഗണിച്ച് 98 മുതല്‍ 103 സര്‍വിസുകള്‍ വരെയാണ് ഈ ദിവസങ്ങളില്‍ കോട്ടയം ഡിപ്പോ നടത്തിയത്.
31 ന് 14.51 ലക്ഷം രൂപ വരുമാനം നേടിയപ്പോള്‍ ഏഴിനു 14.89 ലക്ഷമായി വരുമാനം. ഒന്നിന് 14.53 ലക്ഷം, രണ്ടിനു 14.51 ലക്ഷം എന്നിങ്ങനെയായിരുന്നു തുടര്‍ ദിവസങ്ങളില്‍ കിട്ടിയ വരുമാനം.
ഉത്രാടം നാളില്‍ 14.53 ലക്ഷം വരുമാനം ലഭിച്ചപ്പോള്‍ തിരുവോണ ദിവസം 14.48 ലക്ഷം കളക്ഷന്‍ ലഭിച്ചു. മറ്റുള്ള ദിവസങ്ങളിലും ശരാശരി 14 ലക്ഷത്തിനടുത്ത് കളക്ഷന്‍ ലഭിച്ചു.ഓണാവധിക്കു ശേഷമുള്ള ആദ്യ പ്രവൃത്തിദിവസമായ ഏഴിന് ലഭിച്ചത് റെക്കോഡ് കളക്ഷനാണ്. 14,89,517 രൂപയാണ് അന്ന് ലഭിച്ചത്കണക്കുകള്‍ പ്രകാരം കിലോമീറ്ററിന് 12000 രൂപയിലധികം ഡിപ്പോയ്ക്കു സ്വന്തമാക്കാന്‍ സാധിച്ചു.
സംസ്ഥാനത്താകെ 31 നാണ് ഏറ്റവും കൂടുതല്‍ തുക കളക്ഷനായി ലഭിച്ചത്.
എന്നാല്‍, കോട്ടയത്ത് ഓണാവധിക്കു ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസമാണ് ഏറ്റവും കൂടുതല്‍ തുക കളക്ഷന്‍ ലഭിച്ചത്.കെ.കെ റോഡ്, എം.സി റോഡ്, എറണാകുളം റൂട്ടുകളിലായിരുന്നു തിരക്കേറെയുള്ള ഷെഡ്യൂളുകള്‍. കുമളി, തൃശൂര്‍ റൂട്ടുകളില്‍ കൂടുതല്‍ സര്‍വിസുകള്‍ ഓപ്പറേറ്റ് ചെയ്തതും നേട്ടമായെന്നാണ് വിലയിരുത്തല്‍. നിലവിലുള്ള സര്‍വിസുകള്‍ മുടക്കാതെയായിരുന്നു കൂടുതല്‍ സര്‍വിസുകള്‍ നടത്തിയത്. മണര്‍കാട് പള്ളിയിലേക്കുളള യാത്രക്കാരുടെ വര്‍ധനയും വരുമാനം ഉയരാന്‍ കാരണമായി.
ഓണക്കാലത്തെ വരുമാന വര്‍ധന ഈ ആഴ്ചകൂടി തുടരാന്‍ സാധിക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതിനായി പരമാവധി സര്‍വിസുകള്‍ നടത്താനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."