ശോഭായാത്രയും സാംസ്‌കാരിക ഘോഷയാത്രയും ഇന്ന്: കനത്ത സുരക്ഷയില്‍ ജില്ല
കണ്ണൂര്‍: ഇന്ന് ബാലഗോകുലം ശോഭായാത്രയും സി.പി.എം സാംസ്‌കാരിക സംഘടനകളുടെ ഓണാഘോഷ സമാപനവും നടക്കാനിരിക്കെ ജില്ല കനത്ത പൊലിസ് കാവലില്‍. സാംസ്‌കാരിക ഘോഷയാത്രകള്‍ 210 കേന്ദ്രങ്ങളിലും ബാലഗോകുലം ശോഭായാത്ര 300 കേന്ദ്രങ്ങളിലും നടക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചത്. എന്നാല്‍ ആകെ 362 പരിപാടികള്‍ മാത്രമാണ് ജില്ലയില്‍ ഉള്ളതെന്നാണ് പൊലിസ് നല്‍കുന്ന വിവരം.
ഇരു വിഭാഗത്തിന്റെയും ഘോഷയാത്രാ നടക്കുന്നത് പൊലിസിന്റെ കര്‍ശന നിയന്ത്രണത്തിലാണ്. സംഘര്‍ഷ സാധ്യതാ മേഖലകളില്‍ അധിക പൊലിസിനെയും വിന്യസിച്ചിട്ടുണ്ട്. കെ.എ.പി നാലാം ബറ്റാലിയനില്‍ നിന്ന് 300 അധിക പൊലിസാണ് ജില്ലയില്‍ വിന്യസിച്ചിട്ടുള്ളത്. ഇതിനു പുറമെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും ഇറങ്ങും. ആകെ 3000 പൊലിസ് ഉദ്യോഗസ്ഥരാണ് സുരക്ഷക്കായുള്ളത്. നഗരങ്ങളില്‍ ഗതാഗത നിയന്ത്രണവും ഉണ്ടാകും.
വൈകുന്നേരം നാലുമുതലാണ് ബാലഗോകുലം ഘോഷയാത്രകള്‍ നടക്കുക. അഞ്ചു മുതല്‍ സി.പി.എം നിയന്ത്രണത്തിലുള്ള സാംസ്‌കാരിക സംഘടനകളുടെയും ക്ലബുകളുടെയും ഘോഷയാത്രകളും നടക്കും. സംഘര്‍ഷ സാധ്യതയുള്ള തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, പാനൂര്‍, ഇരിട്ടി, പയ്യന്നൂര്‍ മേഘലകളില്‍ കര്‍ശന നിരീക്ഷണമാണ്. ചില കേന്ദ്രങ്ങളില്‍ പൊലിസിന്റെ ക്രമീകരണങ്ങള്‍ പാലിച്ചാണ് ഇരുവിഭാഗത്തിന്റെയും പരിപാടികള്‍ നടക്കുന്നത്. പ്രാദേശിക തലത്തില്‍ സംഘാടകരുടെ സര്‍വകക്ഷി യോഗം പൊലിസ് വിളിച്ചിരുന്നു.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ സംഘാടകര്‍ക്കെതിരേ പൊലിസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഒരേസ്ഥലത്ത് ഇരുപാര്‍ട്ടികളുടെയും പരിപാടികള്‍ കൂട്ടിമുട്ടാത്ത രീതിയിലാണ് സമയ ക്രമീകരണം പൊലിസ് നിര്‍ദേശിച്ചത്. ഇതിനായി ഇന്നലെ രാത്രിതന്നെ പൊലിസ് പ്രവൃത്തികള്‍ തുടങ്ങി.
ഗണേശോത്സവ ഘോഷയാത്രയില്‍ ചാല, പാതിരിയാട് പ്രദേശങ്ങളില്‍ വ്യാപക അക്രമങ്ങള്‍ നടന്നിരുന്നു. ഇത് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള നിതാന്ത ജാഗ്രതയിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."