ഇനിയും നമുക്ക് കാതോര്‍ക്കാം വാര്‍ത്തകള്‍ക്കായി ആകാശവാണി കോഴിക്കോട് വാര്‍ത്താ പ്രക്ഷേപണം നിര്‍ത്തലാക്കാനുള്ള തീരുമാനം റദ്ദാക്കി
കോഴിക്കോട്: ആകാശവാണി കോഴിക്കോട് നിലയത്തിലെ വാര്‍ത്താ പ്രക്ഷേപണം നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി. പ്രസാര്‍ ഭാരതി ചെയര്‍മാന്റെ പ്രത്യേക നിര്‍ദേശമനുസരിച്ച് ഡയരക്ടര്‍ ജനറല്‍ (ന്യൂസ്) സിദാന്‍ഷുകറാണ് ഇന്നലെ ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. കോഴിക്കോട് ഉള്‍പ്പെടെയുള്ള ആകാശവാണി നിലയങ്ങള്‍ തുടര്‍ന്നുവരുന്ന ന്യൂസ് സര്‍വിസ് അടക്കമുള്ള എല്ലാ ബുള്ളറ്റിനുകളും പതിവ് പോലെ തുടരും.
ചൊവ്വാഴ്ചയാണ് കോഴിക്കോട് നിലയത്തിലെ പ്രാദേശിക വാര്‍ത്താ യൂനിറ്റ് അടച്ചുപൂട്ടാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിറക്കിത്.
ഓരോ സംസ്ഥാനത്തും അതാത് തലസ്ഥാനത്ത് മാത്രം ആകാശവാണി വാര്‍ത്താ വിഭാഗങ്ങള്‍ മതിയെന്നായിരുന്നു തീരുമാനം. നേരത്തെ തന്നെ മിക്ക സംസ്ഥാനങ്ങളിലെയും പ്രാദേശിക വാര്‍ത്താ യൂനിറ്റുകള്‍ (ആര്‍.എന്‍.യു) അതാത് തലസ്ഥാനങ്ങളിലെ പ്രാദേശികവാര്‍ത്താകേന്ദ്രങ്ങളില്‍ ലയിപ്പിച്ചു തുടങ്ങുകയും ചെയ്തിരുന്നു. മലബാറിന്റെ സംസ്‌കാരം, സാമ്പത്തിക, സാമൂഹിക പ്രത്യേകതകള്‍ തുടങ്ങിയ പരിഗണിച്ച് തുടക്കംകുറിക്കുകയും ഗൗരവപൂര്‍ണമായ പ്രാധാന്യം നല്‍കുകയും ചെയ്തിരുന്ന വാര്‍ത്താവിഭാഗം അടച്ചു പൂട്ടാനുള്ള ഉത്തരവിനെതിരേ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു.
ആകാശവാണി കോഴിക്കോട് വാര്‍ത്താ വിഭാഗം നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവിനെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. ഉത്തരകേരളത്തിലെ അഞ്ചു ജില്ലകളിലേക്കുള്ള പ്രാദേശിക വാര്‍ത്തകള്‍ അരനൂറ്റാണ്ടായി പ്രക്ഷേപണം ചെയ്തുവരുന്നത് കോഴിക്കോട് നിലയത്തില്‍ നിന്നാണെന്നും ഇത് നിര്‍ത്തലാക്കുന്നത് ദോഷകരമായി ബാധിക്കുമെന്നും എം.പി മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
നിലവില്‍ ഏഴു വാര്‍ത്താബുള്ളറ്റിനുകളാണ് കോഴിക്കോട് നിലയത്തില്‍ നിന്നു പ്രക്ഷേപണം ചെയ്യുന്നത്. രാവിലെ 6.45 നുള്ള മലയാളം പ്രാദേശിക വാര്‍ത്ത കേരളമൊന്നാകെ സംപ്രേഷണം ചെയ്യുന്നത് ആകാശവാണി കോഴിക്കോട് യൂനിറ്റില്‍ നിന്നാണ്.
കൂടാതെ ഉച്ചക്ക് 12.30നുള്ള പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള പ്രാദേശിക വാര്‍ത്താ ബുള്ളറ്റിനും എഫ്.എം പ്രധാന വാര്‍ത്തകളും കോഴിക്കോട് യൂനിറ്റാണ് തയാറാക്കുന്നത്. 1966ല്‍ വിഷു ദിനത്തിലാണ് ആകാശവാണി കോഴിക്കോട് പ്രാദേശിക വാര്‍ത്താ വിഭാഗം നിലവില്‍ വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."