ആദര്‍ശ് ഗ്രാമം പദ്ധതിയില്‍ ചെറുവത്തൂരും
ചെറുവത്തൂര്‍: ജില്ലയിലെ രണ്ടാമത്തെ ആദര്‍ശ ഗ്രാമമാകാന്‍ ചെറുവത്തൂര്‍ പഞ്ചായത്ത്. കാസര്‍കോട് പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ കിനാനൂര്‍കരിന്തളം ഗ്രാമ പഞ്ചായത്തിനെ നേരത്തെ ആദര്‍ശ് ഗ്രാമമായി നിര്‍ദേശിച്ചിരുന്നു. രണ്ടാമത്തെ ആദര്‍ശ് ഗ്രാമമായി പി. കരുണാകരന്‍ എം.പി ചെറുവത്തൂരിനെയാണ് നിര്‍ദേശിച്ചത്. പിന്നാക്കം നില്‍ക്കുന്ന ഗ്രാമ പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യംവച്ച് 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതിയുടെ ഭാഗമാണിത്. വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ പദ്ധതികളില്‍ ഇതിലൂടെ പ്രത്യേക പരിഗണന ലഭിക്കും. സാന്‍സദ് ആദര്‍ശ് ഗ്രാമ യോജന (എസ്.എ.ജി.വൈ) പ്രകാരം ഒരോ പാര്‍ലമെന്റ് മണ്ഡലത്തിലും എം.പി. നിര്‍ദേശിക്കുന്ന മൂന്ന് ഗ്രാമപഞ്ചായത്തുകളെ 2019നകം ആദര്‍ശ് ഗ്രാമങ്ങളാക്കാം.
2019 മുതല്‍ 24 വരെ ഒരോ വര്‍ഷവും ഒരോ പഞ്ചായത്തുകളെ ആദര്‍ശ് ഗ്രമാങ്ങളാക്കാം. രാജ്യത്തെ നിര്‍മിക്കാന്‍ ഗ്രാമത്തില്‍നിന്നു തുടങ്ങണമെന്ന് മഹാത്മഗാന്ധിയുടെ സന്ദേശമാണ് ആദര്‍ശ് ഗ്രാമ (എസ്.എ.ജി.വൈ) പദ്ധതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആറുമാസത്തിനകം ഗ്രാമ വികസന രൂപരേഖ തയാറാക്കും. ഇതിനായി അടിസ്ഥാന സ്ഥിതിവിവര സര്‍വേ നടത്തും. സാമൂഹിക ഭൂപടം, വിഭവ ഭൂപടം, ആവശ്യങ്ങളുടെ പട്ടിക, പ്രവര്‍ത്തനം കണ്ടെത്തല്‍, പ്രദേശിക ചരിത്ര പൈതൃക സംരക്ഷണം എന്നിവ സര്‍വ്വേയുടെ ഭാഗമായി നടക്കും. ജില്ലാ കലക്ടറാണ് പദ്ധതിയുടെ നോഡല്‍ ഓഫിസര്‍. സര്‍വേ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാന സൗകര്യ വികസനം, ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കല്‍, ജീവിതോപാദിയും ജീവിത നിലവാരവും വര്‍ധിപ്പിക്കല്‍, സാമൂഹിക പിന്നാക്കാവസ്ഥയും വിവേചനവും ഇല്ലാതാക്കല്‍, സാമൂഹിക നീതീ ഉറപ്പാക്കല്‍, ശുചിത്വ സംസ്‌കാരം, പരിസ്ഥിതി സന്തുലിത വികസനം തുടങ്ങിയവക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികളൊരുക്കും . പദ്ധതിക്ക് ഗ്രാമ സഭയില്‍ അംഗീകാരം കിട്ടിയാല്‍ മാത്രമെ നടപ്പാക്കാനാകു. അവസാന തീരുമാനമെടുക്കേണ്ടത്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണ്. എം.പി. മുഖാന്തിരം സമര്‍പ്പിക്കുന്ന വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടടങ്ങിയ പദ്ധതികള്‍ക്ക് കേന്ദ്രസംസ്ഥാന പദ്ധതികളില്‍ പ്രത്യേക പരിഗണന ലഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടും ആദര്‍ശ് ഗ്രാമങ്ങളിലേക്ക് ലഭ്യമാകും. എന്നാല്‍ ആദര്‍ശ് ഗ്രാമങ്ങളിലേക്ക് പ്രത്യേക ഫണ്ട് അനുവദിക്കാത്തതിനാല്‍ സംസ്ഥാനത്ത് പദ്ധതി കാര്യമായി നടപ്പാക്കിയിട്ടില്ല. ആദര്‍ശ് ഗ്രാമങ്ങളിലേക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് സംസ്ഥാനത്തെ എല്ലാ എം.പിമാരും സംയുക്തമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."