പായല്‍ നിറഞ്ഞ് പൊന്നാനി കോള്‍
ചങ്ങരംകുളം: പൊന്നാനി കോളിലെ പാടശേഖരങ്ങളിലെ പായല്‍ നീക്കാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തം. രണ്ട് മാസത്തിനകം പുഞ്ചക്കൃഷി ആരംഭിക്കുന്ന പൊന്നാനി കോളിലാണ് വ്യാപകമായി ആഫ്രിക്കന്‍ പായലുള്ളത്. തൃശൂര്‍, മലപ്പുറം ജില്ലകളിലായി പന്ത്രണ്ടായിരം ഏക്കര്‍ ഉണ്ടെങ്കിലും ഇത്തവണ ഏഴായിരം ഏക്കറിലാണ് കൃഷിയിറക്കുക.
ഇതില്‍ ഭൂരിഭാഗം പാടശേഖരങ്ങളും പായല്‍ നിറഞ്ഞു കിടക്കുകയാണ്. പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞതോടെ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പായല്‍ ഉണ്ട്. പായല്‍ നീക്കി കൃഷി ആരംഭിക്കുന്നതിന് ഏറെ അധ്വാനവും പണച്ചെലവും വരും. ട്രാക്ടറും ടില്ലറും ഉപയോഗിച്ച് പാടശേഖരത്തെ കളകള്‍ ഒഴിവാക്കാമെങ്കിലും യന്ത്രങ്ങള്‍ ഉപയോഗിച്ച് പായല്‍ നശിപ്പിക്കാന്‍ കഴിയില്ല. പായല്‍ നുറാടി തോട്ടിലൂടെ ബിയ്യം റഗുലേറ്റര്‍ വഴി കടലിലേക്ക് ഒഴുക്കിവിടണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. തുലാം മഴയില്‍ ബിയ്യം റഗുലേറ്ററില്‍ കൂടുതല്‍ വെള്ളം ശേഖരിച്ച് വേണം പായല്‍ ഒഴുക്കിവിടാന്‍. എല്ലാ പാടശേഖരങ്ങളെയും ബന്ധിപ്പിക്കുന്ന നൂറാടി തോട്ടിലേക്ക് പായല്‍ എത്തിച്ചാല്‍ റഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറക്കുന്നതോടെ തോട്ടില്‍ ഒഴുക്ക് കൂടുകയും ഒഴുക്കിനൊപ്പം തോട്ടിലുള്ള പായല്‍ റഗുലേറ്റര്‍ വഴി കടലിലേക്ക് എത്തുകയും ചെയ്യുമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍.
കടലിലെ ഉപ്പുവെള്ളത്തില്‍ പായലുകള്‍ നശിക്കും. കൃഷി ഇറക്കുന്നതിന് മുന്‍പ് ഈ സംവിധാനം നടപ്പാക്കുന്നതിന് ഇറിഗേഷന്‍, കൃഷി വകുപ്പുകളുടെ സഹകരണവും സാമ്പത്തിക സഹായവും ആവശ്യമാണെന്നാണ് പൊന്നാനി കോള്‍ സംരക്ഷണസമിതി ഭാരവാഹികള്‍ പറയുന്നത്.
ആഫ്രിക്കന്‍ പായല്‍ പാടശേഖരത്തുനിന്ന് നീക്കുന്നതിന് കര്‍ഷകന് ഏക്കറിന് ആറായിരം രൂപ അധികമായി ചെലവുവരും. നിലം ഒരുക്കിയ പാടശേഖരത്ത് ഞാറ് നടീലിനു മുന്‍പ് പായലുകള്‍ ഒഴിവാക്കണം. കളകള്‍ വളമായി ഉപയോഗിക്കുമെങ്കിലും പായല്‍ നെല്ലിന്റെ വളര്‍ച്ച മുരടിപ്പിക്കും. വെള്ളം വറ്റിച്ച പാടശേഖരങ്ങളില്‍ നിന്ന് തൊഴിലാളികളെ ഉപയോഗിച്ചാണ് പായല്‍ നീക്കുക.
ഇതിനായി ഏക്കറിന് ആറായിരം രൂപ കൂലി ഇനത്തില്‍ അധികമായി കണ്ടെത്തണം. പായല്‍ നീക്കാന്‍ പൊന്നാനി കോളില്‍ മാത്രം ശരാശരി 20 ലക്ഷം രൂപയാണ് കര്‍ഷകര്‍ മാറ്റിവയ്ക്കുന്നത്. ബ്ലോക്ക്, പഞ്ചായത്തുകള്‍ തൊഴിലുറപ്പ് തൊഴിലാളികളെ കൃഷിപ്പണിക്കായി നല്‍കുന്നുണ്ടെങ്കിലും ഇഴ ജന്തുക്കളെ ഭയന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ പായല്‍ നീക്കുന്നതിന് ഇറങ്ങാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."